മെല്‍ബണ്‍: ഇന്ത്യയെ നേരിടാന്‍ ഇറങ്ങിയിരിക്കുന്ന ഓസ്‌ട്രേലിയയുടെ കംഗാരുപ്പടയ്ക്ക് ‘ഉപനായകന്‍’ ആര്‍ച്ചിയുടെ ഉപദേശം. ടോസിന് ശേഷം അവതാരകയുമായി സംസാരിക്കവെയായിരുന്നു ആര്‍ച്ചി ടീമിന് ജയിക്കാനുള്ള ലളിതവും എഫക്ടീവുമായ വഴി പറഞ്ഞു കൊടുത്തത്. ഓസീസ് നായകന്‍ ടിം പെയ്‌നും ഒപ്പമുണ്ടായിരുന്നു.

‘സിക്‌സുകളടിക്കുക, വിക്കറ്റുകള്‍ വീഴ്ത്തുക’ എന്നായിരുന്നു ആര്‍ച്ചിയുടെ നിർദേശം. ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓസീസ് ടെസ്റ്റ് ടീമിന്റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പും അണിഞ്ഞാണ് ഷില്ലര്‍ പെയ്നിനൊപ്പമെത്തിയത്.

മെയ്ക്ക് എ വിഷ് എന്ന സംഘടനയുമായി സഹകരിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആറ് വയസുകാരനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അപൂര്‍വ്വമായ ഹൃദ്രോഗം ബാധിച്ച ഷില്ലെര്‍ തനിക്ക് ഓസീസ് ക്യാപ്റ്റനാകണമെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. മാതാപിതാക്കളാണ് മെയ്ക്ക് എ വിഷ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടത്. ഇവര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ട് ആറ് വയസുകാരന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ കോച്ചായ ജസ്റ്റിന്‍ ലാങ്ങറാണ് കുട്ടിയെ നേരിട്ട് വിളിച്ച് ടീമില്‍ ഉള്‍പ്പെടുത്തിയത് അറിയിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരിശീലനത്തില്‍ കുഞ്ഞ് ഷില്ലെറെയും ഉള്‍പ്പെടുത്തിയിരുന്നു.

ഓഫ് സ്പിന്നറായി ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് എടുക്കണം എന്നാണ് ലാങ്കറിനോട് ഷില്ലെര്‍ പറഞ്ഞത്. നഥാന്‍ ലിയോണാണ് തന്റെ ഇഷ്ടപ്പെട്ട താരമെന്നും ഷില്ലെര്‍ പറഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുറത്ത് നടന്ന ഇന്ത്യന്‍ സമ്മര്‍ ഫെസ്റ്റിവലില്‍ വച്ച് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ഷില്ലെറെ ടീമില്‍ ഉള്‍പ്പെടുത്തിയത് പ്രഖ്യാപിച്ചു. ഡിസംബർ 26നാണ് ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ്. ഓരോ മത്സരങ്ങളില്‍ ജയിച്ച് ഇരുടീമുകളും സമനിലയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook