വെട്ടുകിളി ആക്രമണത്തെ തുടർന്ന് രാജ്യ തലസ്ഥാനത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചു. ഡൽഹി ലക്ഷ്യമാക്കിയാണ് വെട്ടുകിളികൾ നീങ്ങുന്നതെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡൽഹിയിൽ ജാഗ്രത പുറപ്പെടുവിച്ചത്. മണിക്കൂറുകൾക്കു പിന്നാലെ ഡൽഹിയിൽ വെട്ടുകിളി ശല്യം രൂക്ഷമായി. രാജസ്ഥാനിൽ വെട്ടുകിളി ആക്രമണത്തെ തുടർന്ന് വലിയ നാശനഷ്‌ടമുണ്ടായിരുന്നു. വെട്ടുക്കിളി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്ന് മാര്‍ഗരേഖ പുറത്തിറക്കി.
തന്റെ വീടിനു മുകളിലുണ്ടായ വെട്ടുകിളി ആക്രമണത്തെ കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരേനന്ദർ സേവാഗ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. വീടിന്റെ മുകളിൽ വെട്ടുകിളി ആക്രമണം എന്ന തലക്കെട്ടോടെയാണ് സേവാഗ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനു പിന്നാലെ പാവപ്പെട്ടവരെ സഹായിക്കാനും അശരണർക്ക് ഭക്ഷണമെത്തിക്കാനും മുൻപന്തിയിലുണ്ടായിരുന്ന താരമാണ് സേവാഗ്.
ഡൽഹിയിൽ വെട്ടുകിളി ആക്രമണം രൂക്ഷമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെട്ടുകിളികൾ വീടിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ വാതിലുകളും ജനലകളും അടച്ചിടണമെന്ന് ഡൽഹി സർക്കാർ നിർദേശിച്ചു. വെട്ടുകിളികളെ അകറ്റാൻ പാത്രം കൊട്ടി ശബ്ദമുണ്ടാക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
ഡല്‍ഹി വിമാനത്താവളത്തിലും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. ലാന്‍ഡിങ്ങിലും ടേക്ക് ഓഫിലും ജാഗ്രത പാലിക്കാനാണ് നിർദേശം. വെട്ടുക്കിളി ആക്രമണമുണ്ടായാൽ പെെലറ്റുമാർക്ക് ലാൻഡിങ്ങും ടേക്ക് ഓഫും ബുദ്ധിമുട്ടാകും.
Locust Attack pic.twitter.com/qDt4iJIwIq
— Virender Sehwag (@virendersehwag) June 27, 2020
അതേസമയം, ഡൽഹിയിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെല്ലുവിളി കൂടി സർക്കാർ നേരിടുന്നത്.