വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിലും വിജയം ആവർത്തിച്ചിരിക്കുകയാണ് ഇന്ത്യ. 68 റൺസിനായിരുന്നു ഇന്ത്യൻ ജയം. എന്നാൽ അതിനിടെ ആദ്യ മത്സരത്തിനുള്ള ടീം സെലക്ഷൻ സംബന്ധിച്ചുള്ള വിമർശനങ്ങളും ശക്തമാവുകയാണ്. ശ്രേയസ് അയ്യരെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയതിനെ ചോദ്യങ് ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം വെങ്കടേഷ് പ്രസാദ്. മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി നാല് പന്തിൽ റൺസൊന്നും നേടാതെ ശ്രേയസ് പുറത്തായതിന് പിന്നാലെയാണ് വെങ്കടേഷിന്റെ വിമർശനം. സഞ്ജു സാംസൺ, ദീപക് ഹൂഡ, ഇഷാൻ കിഷൻ എന്നിവർ ഉള്ളപ്പോൾ എന്തിന് ശ്രേയസിന് ഇറക്കിയെന്ന് ടീം മാനേജ്മെന്റിനെ ചോദ്യം ചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തു.
“വരാനിരിക്കുന്ന ടി20 ലോകകപ്പ് മനസ്സിൽ വച്ചുകൊണ്ട് ചിന്തിച്ചുവേണം ടീം സെലക്ഷൻ നടത്താൻ.സഞ്ജു സാംസണും ഹൂഡയും ഇഷാൻ കിഷനും ടീമിലുണ്ടാകുമ്പോൾ ടി20 മത്സരത്തിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തുന്നത് വിചിത്രമാണ്. വിരാട്, രോഹിത്, രാഹുൽ എന്നിവരോടൊപ്പം തുടക്കകാരെയും കണ്ടെത്തി ശരിയായ ബാലൻസ് നേടുന്നതിനായി ശ്രമിക്കേണ്ടതുണ്ട്.” വെങ്കടേഷ് ട്വീറ്ററിൽ കുറിച്ചു.
എന്നാൽ അയ്യർ മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ഇപ്പോൾ ഭാഗ്യം തുണയ്ക്കാത്തത് ആണെന്നും പറഞ്ഞ് ഒരു ആരാധകൻ ട്വീറ്റിനോട് പ്രതികരിച്ചപ്പോൾ, പ്രസാദ് മറ്റൊരു ട്വീറ്റുമായി എത്തി, “അദ്ദേഹം ഏകദിനത്തിൽ മികച്ച താരമാണ്. ടി20 ക്രിക്കറ്റിൽ, മികച്ച കളിക്കാർ ഇപ്പോൾ ഉണ്ട്. ടി20യിൽ തന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രേയസ് കഠിനാധ്വാനം ചെയ്യേണ്ടിവരും.” എന്ന് അദ്ദേഹം കുറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്തിടെ അവസാനിച്ച നാല് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലും വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിനങ്ങളിലും മൂന്നാമതായാണ് ശ്രേയസ് അയ്യർ ഇറങ്ങിയത്.