ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ ക്രിക്കറ്റ് ആരാധകരുടെ മനസിൽ വരുൺ ചക്രവർത്തി എന്നൊരു പേരുണ്ടായിരുന്നില്ല. എന്നാൽ അതിന് മുമ്പ് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റുമായി തിളങ്ങിയ വരുണിനെയും അവർ മറന്നിട്ടുണ്ടായിരുന്നില്ല. ആ പ്രകടനം താരത്തിന് ഇന്ത്യൻ ടീമിൽ അവസരം നൽകുമെന്ന് വരുണും കരുതിയിട്ടുണ്ടാവില്ല. എന്നാൽ അത് സംഭവിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20 ടീമിൽ വരുണും ഇടംപിടിച്ചു.

ക്രിക്കറ്റ് കരിയറിലും ജീവിതത്തിലും താരത്തിന്റെ യാത്ര കൗതകം നിറഞ്ഞതാണ്. സ്കൂൾ കാലഘട്ടത്തിൽ വിക്കറ്റ് കീപ്പറായി തുടങ്ങിയ വരുൺ പിന്നീട് മീഡിയം പേസറായി മാറി. അതിനിടയിൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് പ്രെഫഷണൽ ജീവിതത്തിലേക്ക് ചുവടുമാറ്റിയ വരുൺ ആർക്കിടെക്ടായാണ് എത്തിയത്. എന്നാൽ ക്രിക്കറ്റ് തന്നെയാണ് തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞ വരുൺ എത്തിയതാകട്ടെ ഒരു സ്‌പിന്നറായും.

ക്രിക്കറ്ററായും ആർക്കിടെക്ടായുമായി പ്രവർത്തിച്ച വരുൺ സിനിമയിലും ശ്രമം നടത്തിയെന്നതാണ് പുതിയ വെളിപ്പെടുത്തൽ. 2014ൽ പുറത്തിറങ്ങിയ ജീവ എന്ന തമിഴ് ചിത്രത്തിലാണ് വരുൺ അതിഥി വേഷത്തിലെത്തിയത്. നായകന്റെ ടീമിലെ സഹതാരമായിട്ടായിരുന്നു വരുൺ അഭിനയിച്ചത്.

സിനിമയിലെ നായകൻ ജീവയ്ക്ക് രാഷ്ട്രീയ കളികൾ കൊണ്ടും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും അതിഥി താരമായെത്തിയ വരുൺ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook