സൂറിച്ച്: ഈ വർഷം നടക്കുന്ന റഷ്യൻ ലോകകപ്പ് ഹൈടെക്ക് ആകും. ഫുട്ബോളിലെ ഏറ്റവും നൂതന കണ്ടെത്തലായ വീഡിയോ അസിസ്റ്റന്റ്‌സ് റെഫറീയിങ് സിസ്റ്റം റഷ്യയിൽ നടപ്പിലാക്കും. ഇക്കാര്യം ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വീഡിയോ അസിസ്റ്റന്റ്‌സ് റെഫറീയിങ് സിസ്റ്റം (വാര്‍) റഫറിമാര്‍ക്ക് സഹായകരമാകുമെന്നും ഫിഫയുടെ മുന്നോട്ടുളള കുതിപ്പിന് ഇത് സഹായകരമാകുമെന്നും രാജ്യാന്തര ഫുട്‌ബോള്‍ വേദി പ്രസ്താവനയില്‍ പറയുന്നു.

പെനാല്‍റ്റി അനുവദിക്കല്‍, ചുവപ്പ്കാര്‍ഡ് നല്‍കല്‍, ഓഫ് സൈഡ് ഗോള്‍ തുടങ്ങി നിര്‍ണായക ഘട്ടങ്ങളില്‍ അന്തിമതീരുമാനമെടുക്കാന്‍ റഫറിമാരെ സഹായിക്കുന്നതാണ് ‘വാര്‍’. ചില തീരുമാനങ്ങളിൽ റഫറിക്ക് സംശയം ഉണ്ടെങ്കിൽ ഈ സംവിധാനത്തെ ആശ്രയിക്കാൻ സാധിക്കും. തീരുമാനങ്ങൾ പുനഃപരിശോധിക്കണമെങ്കിൽ ടീമുകൾക്കും ‘വാര്‍’ സംവിധാനത്തിന്റെ സഹായം തേടാം.

ഇംഗ്ലണ്ടിലെ എഫ്എ കപ്പിലും, ഇറ്റാലിയന്‍ ലീഗിലുമെല്ലാം വീഡിയോ അസിസ്റ്റന്റ്‌സ് റെഫറീയിങ് സിസ്റ്റം നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. പോയ വർഷം അവസാനം നടന്ന ക്ലബ് ഫുട്ബോൾ ലോകകപ്പിലും വാര്‍ സിസ്റ്റം വിജയകരമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിഫ വീഡിയോ അസിസ്റ്റന്റ്‌സ് റെഫറീയിങ് സിസ്റ്റത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

എന്നാൽ ഈ തീരുമാനത്തിനെതിരെ ചില ഫുട്ബോൾ പണ്ഡിതൻമാർ രംഗത്ത് വന്നിട്ടുണ്ട്. വാര്‍ സിസ്റ്റം ഒരു രസംകൊല്ലിയാണെന്നും മൽസരത്തിന്റെ വേഗതയേയും കളിക്കാരുടെ ഫോമിനേയും ഇത് ബാധിക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം ജൂണിലാണ് റഷ്യന്‍ ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 14ന് ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മൽസരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ