ബാഴ്‌സലോണ: ക്ഷീണിതനാണെങ്കിലും മെസി കളിക്കളത്തിലുണ്ടെങ്കില്‍ അതു ടീമിനു വലിയ സഹായം ചെയ്യുമെന്നു ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ദെ. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഈ സീസണിലെ ആദ്യ ജയം ബാഴ്‌സ സ്വന്തമാക്കിയ ശേഷമാണ് ഇതിഹാസതാരത്തെ പുകഴ്ത്തി പരിശീലകന്‍ രംഗത്തെത്തിയത്.

ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളിനാണു ബാഴ്‌സ തോല്‍പ്പിച്ചത്. ലൂയിസ് സുവാരസ് ഇരട്ട ഗോള്‍ നേടി ബാഴ്‌സയ്ക്കു വിജയം സമ്മാനിക്കുകയായിരുന്നു.

“മെസ്സിയുടെ സാന്നിധ്യം തന്നെ ടീമിനു വലിയ ഊര്‍ജ്ജമാണ്. പരുക്കിനുശേഷം തിരിച്ചെത്തിയ മെസി മികച്ച പ്രകടനമാണു നടത്തിയത്. മെസി നൂറു ശതമാനം ആരോഗ്യക്ഷമതയോടെ അല്ലെങ്കില്‍ പോലും അര്‍ജന്റീനയ്ക്കു കളി മാറ്റാന്‍ സാധിക്കും. ഇന്റർ മിലാനെതിരായ മത്സരത്തില്‍ മെസി പൂര്‍ണ്ണ ആരോഗ്യവാന്‍ അല്ലായിരുന്നു. മത്സരം അവസാനിക്കാറായപ്പോള്‍ തുടക്കത്തേക്കാള്‍ ക്ഷീണിതനായി മെസ്സിയെ കാണപ്പെട്ടു. ക്ഷീണിതനാണെങ്കില്‍ പോലും മെസ്സിക്കു ടീമിനെ സഹായിക്കാന്‍ സാധിക്കും. മറ്റുള്ള താരങ്ങളെ പോലെ മെസി പ്രീ സീസണ്‍ കളിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹം എത്ര മനോഹരമായാണു കളിച്ചത്.” വാല്‍വര്‍ദെ പറഞ്ഞു.

Read Also: Horoscope Today October 3, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണു ബാഴ്സ ഇന്ർ മിലാനെതിരെ രണ്ട് ഗോൾ സ്വന്തമാക്കിയത്. മിലാനെതിരെ ആദ്യ മിനുറ്റിൽ തന്നെ ബാഴ്‌സ ഗോൾ വഴങ്ങി. രണ്ടാം മിനുറ്റിൽ സാഞ്ചസിന്റെ പാസില്‍നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണു ബാഴ്‌സയുടെ വല കുലുക്കിയത്. ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ച ഇന്റർ മിലാന് ലീഡ് നിലനിര്‍ത്താനുമായി.

രണ്ടാം പകുതിയിലാണു ബാഴ്‌സ രണ്ട് ഗോളും സ്വന്തമാക്കിയത്. 58-ാം മിനുറ്റില്‍ സുവാരസിലൂടെ ബാഴ്‌സ ഒപ്പമെത്തി. 53-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആര്‍തുറോ വിദാലിന്റെ പാസില്‍ നിന്നായിരുന്നു സുവാരസിന്റെയും ബാഴ്‌സയുടെയും ആദ്യ ഗോള്‍. 84-ാം മിനിറ്റിലെ സുവാരസിന്റെ വിജയഗോളിന് വഴിയൊരുക്കിയതു സാക്ഷാൽ ലെയണൽ മെസ്സിയാണ്. ഇന്റർ മിലാൻ പ്രതിരോധ നിരയെ കബളിപ്പിച്ചുള്ള മെസ്സിയുടെ പാസ് സുവാരസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook