ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനലിലടക്കമുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്പയറിങ് പോളിസികള്‍ പുനഃപരിശോധിക്കുമെന്ന് യുഎസ് ടെന്നിസ് അസോസിയേഷന്‍ (യുഎസ്ടിഎ).

പ്രോട്ടോക്കോള്‍ മറി കടന്ന് ചെയറില്‍ നിന്നും ഇറങ്ങിച്ചെന്ന് നിക്ക് കിര്‍ഗിയോസിനെതിരെ രംഗത്തെത്തിയ അമ്പയര്‍ മുഹമ്മദ് ലഹ് യാനിയ്‌ക്കെതിരേയും യുഎസ് ഓപ്പണ്‍ അധികൃതര്‍ രംഗത്തെത്തി. കോര്‍ട്ടില്‍ വച്ച് വസ്ത്രം അഴിച്ചതിന് വനിതാ താരം ആലിസ് കോര്‍നെറ്റിന് പെനാല്‍റ്റി വിധിച്ച അമ്പയര്‍ ക്രിസ്റ്റ്യന്‍ റാസ്‌കിനെതിരേയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് ഇതില്‍ ഖേദിക്കുന്നതായി യുഎസ് ഓപ്പണ്‍ അറിയിക്കുകയായിരുന്നു.

ഈ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ശനിയാഴ്ച യുഎസ് ഓപ്പണിന്റെ ഫൈനലില്‍ സെറീനയുടെ രോഷപ്രകടനമുണ്ടാകുന്നത്. ജപ്പാന്‍ താരം നവോമി ഒസാക്ക കിരീടം നേടിയ പോരാട്ടത്തിനിടെ പുറത്തു നിന്നുമുള്ള കോച്ചിങ്ങിനും റാക്കറ്റ് വലിച്ചെറിഞ്ഞതിനും സെറീനയ്ക്ക് ഗെയിം പോയിന്റ് പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സെറീന അമ്പയറോട് അപമര്യാദയായി പെറുമാറുകയും ചെയ്തിരുന്നു. ഈ സംഭവം ടെന്നീസ് ലോകത്തിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് യുഎസ് ഓപ്പണ്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ”ഈ സാഹചര്യത്തില്‍ ചെയര്‍ അമ്പയറുമായുള്ള കമ്യൂണിക്കേഷനില്‍ ചില പരിശോധനകള്‍ വേണമെന്ന് മനസിലായി. ചില മാറ്റങ്ങള്‍ക്ക് നിർദേശിക്കുന്നതായിരിക്കും. ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരുന്നാല്‍ അത് എല്ലാവര്‍ക്കും ഉപകരിക്കും” യുഎസ്ടിഎ പ്രതിനിധി ക്രിസ് വിഡ്‌മെയര്‍ പറഞ്ഞു.

നേരത്തെ, ഫൈനലിലെ സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ഡബ്ല്യുടിഎയും രംഗത്തെത്തിയിരുന്നു. എല്ലാ താരങ്ങളേയും ഒരുപോലെ ട്രീറ്റ് ചെയ്യണമെന്ന് ഡബ്ല്യൂടിഎ സിഇഒ സ്റ്റീവ് സിമണ്‍ പറഞ്ഞു. കോച്ചിങ്ങിന്റെ കാര്യത്തിലും നിയമത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും ഡബ്ല്യൂടിഎ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ നവാക് ദ്യോക്കോവിച്ചും സെറീനയ്ക്ക് പിന്തുണയുമായെത്തി. അമ്പയര്‍ റാമോസ് സെറീനയെ അത്ര കടുത്ത രീതിയില്‍ നേരിടേണ്ടതില്ലെന്നും ഫൈനലിനെ ഇതുപോലൊരു വിവാദത്തിലേക്ക് എത്തിച്ചതില്‍ അദ്ദേഹത്തിനും പങ്കുണ്ടെന്നുമായിരുന്നു ദ്യോക്കോവിച്ച് പറഞ്ഞത്. മത്സരങ്ങള്‍ക്കിടെയുള്ള കോച്ചിങ്ങിന് എതിരായ നിയമങ്ങളില്‍ മാറ്റം വരേണ്ടതുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡയറക്ടര്‍ ക്രെയ്ഗ് ടൈലിയും വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook