ഫുട്‌ബോളിലും തന്റെ മാജിക് ആവര്‍ത്തിച്ച് ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട്. ബൊറൂസിയ ഡോര്‍ട്ട്മുന്റിനൊപ്പം പരിശീലനത്തിനിറങ്ങിയ താരം കിടിലനൊരു ഗോളിലൂടെയാണ് കാല്‍പന്തിലും തനിക്ക് അത്ഭുതം കാണിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചത്.
പരിശീലനത്തിനിടെ ഗോള്‍ നേടുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഹെഡ്ഡറിലൂടെയായിരുന്നു ബോള്‍ട്ട് ഗോള്‍ നേടിയത്. സഹതാരങ്ങളിലൊരാള്‍ ഉയര്‍ത്തി നല്‍കിയ പാസ് അസാമാന്യ മെയ് വഴക്കത്തോടെ ബോള്‍ട്ട് ഹെഡ് ചെയ്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു.
ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനൊപ്പം താരം ഇന്ന് പരിശീലനത്തിനിറങ്ങിയിരുന്നു. ക്ലബ്ബിന്റെ കോച്ച് പീറ്റര്‍ സ്‌റ്റോഗറിന് കീഴിലായിരുന്നു ബോള്‍ട്ട് ഓപ്പണ്‍ പരിശീലന സെഷനില്‍ പങ്കെടുത്തത്. ഇന്ന് പരിശീലനത്തിനിറങ്ങുന്ന വിവരം ബോള്‍ട്ട് തന്നെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഡോര്‍ട്ട്മുണ്ട് ജഴ്‌സിയണിഞ്ഞുള്ള തന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. പരിശീലനത്തിനിടെയുള്ള ബോള്‍ട്ടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബോള്‍ട്ടിന്റെ ഗോളും വൈറലായത്.