scorecardresearch
Latest News

പന്ത് മാത്രമല്ല വിമാനവും ‘പറപ്പിക്കും’; ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം പറത്തി ഉസ്മാന്‍ ഖ്വാജ

ക്രിക്കറ്റ് കളിക്കുന്നതിലും വിമാനം പറത്തുന്നത് തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്

പന്ത് മാത്രമല്ല വിമാനവും ‘പറപ്പിക്കും’; ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം പറത്തി ഉസ്മാന്‍ ഖ്വാജ

മെല്‍ബണ്‍: ക്രിക്കറ്റ് മൈതാനത്തോട് വിട പറഞ്ഞാല്‍ പിന്നെ എന്തു ചെയ്യുമെന്ന് ആലോച്ചിക്കുന്ന താരങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ അങ്ങനൊരു ചോദ്യത്തിന് ഉത്തരം തേടേണ്ട ആവശ്യമില്ല ഓസീസ് ബാറ്റ്‌സ്മാന്‍ ഉസ്മന്‍ ഖ്വാജയ്ക്ക്. കാരണം ആശാന്‍ അസ്സലൊരു പൈലറ്റാണ്. പഠിച്ച് സര്‍ട്ടിഫിക്കറ്റൊക്കെയുള്ള പൈലറ്റ്. ഇപ്പോഴിതാ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഒരു ട്വീറ്റാണ് ഖ്വാജയുടെ വിമാനം പറത്തലിനെ വാര്‍ത്തകളില്‍ നിറക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചര്‍ വിമാനമാണ് ഖ്വാജ ഓടിച്ചിരിക്കുന്നത്. വളരെ വിദഗ്ധമായി തന്നെ വിമാനം പറത്തിയ ഖ്വാജക്ക് ലാന്റിങ് അത്ര ശരിയായില്ലെന്നാണ് അഭിപ്രായം. എയര്‍ബസ് എ380 വിമാനമാണ് ഖ്വാജ പറത്തിയത്.

”കുട്ടിയായിരിക്കെ തന്നെ ഞാന്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. എന്റെ പിതാവ് ആറ് കൊല്ലത്തോളം സൗദി അറേബ്യയിലായിരുന്നു. അവിടെ പോയി അവരെ കണ്ട് തിരിച്ച് വരുന്നത് പതിവായിരുന്നു. അങ്ങനെയാണ് വിമാനങ്ങളോട് ഇഷ്ടം തോന്നുന്നത്. ന്യൂ സൗത്ത് വെയില്‍സ് സ്‌കൂള്‍ ഓഫ് എവിയേഷനില്‍ ചേര്‍ന്നു. പൈലറ്റായി” ഖ്വാജ പറയുന്നു.

ക്രിക്കറ്റ് കളിക്കുന്നതിലും വിമാനം പറത്തുന്നത് തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. പ്രത്യേകിച്ചു ടെസ്റ്റ് ക്രിക്കറ്റില്‍. പ്രതിസന്ധികളെ മനോധൈര്യത്തെ ബാധിക്കാതെ മാറ്റി നിര്‍ത്താനും അച്ചടക്കവും തന്നെ പഠിപ്പിച്ചത് വിമാനം പറത്തലിലൂടെയാണെന്ന് താരം പറയുന്നു.

ഇന്ത്യക്കെതിരായ പരമ്പരകള്‍ക്കുള്ള ഓസീസ് ടീമില്‍ ഖ്വാജയുമുണ്ട്. ഈ മാസം 24 നാണ് പരമ്പര ആരംഭിക്കുക.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Usman kwaja takes control of worlds largest passenger aircraft