/indian-express-malayalam/media/media_files/frx6bH3zEuXWrtRne580.jpg)
Usman Khawaja Retirement: വംശിയ വിദ്വേഷം എത്രമാത്രം മനുഷ്യരിൽ നിറഞ്ഞിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജയിൽ നിന്ന് ഒരിക്കൽ വന്ന വാക്കുകൾ ഇങ്ങനെ, "നിറം ഇതായത് കൊണ്ട് ഒരിക്കലും ഓസ്ട്രേലിയക്കായി കളിക്കാൻ എനിക്കാവില്ല എന്ന് എല്ലാവരും പറഞ്ഞു." 2026 ജനുവരി രണ്ടിന് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഓസ്ട്രേലിയക്ക് വേണ്ടി ഖവാജ കളിച്ചത് 87 ടെസ്റ്റുകൾ, 40 ഏകദിനങ്ങൾ, ഒൻപത് ടി20 മത്സരങ്ങൾ.
"ഓസ്ട്രേലിയൻ ടീമിനൊപ്പമുള്ള എന്റെ യാത്രയിൽ ഒരുപാട് പേർക്ക് പ്രചോദനമാവാൻ എനിക്കായിട്ടുണ്ട് എന്ന് പ്രതീക്ഷിക്കുന്നു. മുസ്ലീമായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. പാക്കിസ്ഥാനിൽ നിന്നുള്ള ഈ നിറത്തിലെ കുട്ടി ഒരിക്കലും ഓസ്ട്രേലിയക്ക് വേണ്ടി കളിക്കില്ല എന്ന് എല്ലാവരും പറഞ്ഞു. എന്നാൽ ഇപ്പോൾ നോക്കു. നിങ്ങൾക്കും ഇതുപോലെ വിജയിക്കാനാവും," വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഉസ്മാൻ ഖവാജ പറഞ്ഞു.
ഇസ്ലാമാബാദിലാണ് ഉസ്മാൻ ഖവാജ ജനിച്ചത്. ഖവാജയ്ക്ക് അഞ്ച് വയസുള്ളപ്പോൾ താരത്തിന്റെ കുടുംബം പാക്കിസ്ഥാനിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറി. "ഞാൻ ഓസ്ട്രേലിയൻ ടീമിന് ഇണങ്ങുന്നതല്ലെന്നും എന്നെ സെലക്ട് ചെയ്യില്ലെന്നുമാണ് ആളുകൾ പറഞ്ഞിരുന്നത്. ആളുകളുടെ ചിന്താഗതി അതായിരുന്നു," 2021ൽ ഖവാജയിൽ നിന്ന് വന്ന ഈ വാക്കുകൾ ആ സമയം വലിയ ചർച്ചയായിരുന്നു.
Also Read: Sarfaraz Khan Century: ചെന്നൈ സൂപ്പർ കിങ്സിന് തെറ്റിയില്ല; 75 പന്തിൽ 157 റൺസുമായി സർഫറാസ്
"പാക്കിസ്ഥാനിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിയ സമയം ഞാനും ഓസീസ് ടീമിനെ പിന്തുണച്ചിരുന്നില്ല. എന്നാൽ അത് മാറി വന്നു. ഞാൻ ഓസീസ് ടീമിൽ കളിക്കാൻ തുടങ്ങിയതോടെ ഓസ്ട്രേലിയൻ ടീം നമ്മുടേതുമാണ് എന്ന തോന്നൽ വന്നതായി എന്റെ ഉപഭൂഖണ്ഡത്തിൽ നിന്ന് വരുന്നവർ എന്നോട് പറഞ്ഞു," ഓസ്ട്രേലിയൻ ക്രിക്കറ്റിലെ വംശീയതിലേക്ക് ചൂണ്ടി ഖവാജ പറഞ്ഞു.
ആഷസിലെ ജനുവരി നാലിന് ആരംഭിക്കുന്ന ടെസ്റ്റോടെ ഉസ്മാൻ ഖവാജ പാഡഴിക്കും. ഓസ്ട്രേലിയൻ റെഡ് ബോൾ ചരിത്രത്തിലെ മികച്ച ബാറ്റർമാരിലൊരാളായാണ് ഖവാജ മടങ്ങുന്നത്. 2023ലെ ആഷസിൽ വെച്ചാണ് മറ്റെല്ലാ ഓസ്ട്രേലിയൻ വമ്പന്മാരേയും മറികടന്നൊരു നേട്ടം ഖവാജ തന്റെ പേരിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള ഓസ്ട്രേലിയൻ ഓപ്പണർ എന്ന നേട്ടമാണ് ഖവാജ സ്വന്തമാക്കിയത്.
Also Read: Kerala vs Rajasthan: അവസാന പന്തിൽ സിക്സ് പറത്തി കേരളത്തെ ജയിപ്പിച്ച് ഏഥൻ; അപരാജിതിന് സെഞ്ചുറി
വിമർശനങ്ങളിൽ പ്രകോപിതനായി വിരമിക്കൽ
പെർത്ത് ടെസ്റ്റിന് മുൻപായി ഖവാജ ഗോൾഫ് കളിക്കുന്ന ദൃശ്യങ്ങൾ വന്നിരുന്നു. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ ശ്രമിക്കാതെയുള്ള താരത്തിന്റെ ഈ നീക്കത്തിനെതിരെ ക്രിക്കറ്റ് വിദഗ്ധർ വിമർശനം ഉന്നയിച്ചു. "ടീമിനോട് ഞാൻ നീതി പുലർത്തുന്നില്ല എന്നാണ് ടെസ്റ്റിനായുള്ള എന്റെ മുന്നൊരുക്കം ചൂണ്ടി എല്ലാവരും പറഞ്ഞത്. എന്നെ കുറിച്ച് മാത്രമാണ് എന്റെ ചിന്ത എന്നാണ് അവരുടെ വാക്കുകൾ. ഞാൻ ഗോൾഫ് കളിക്കാൻ പോയി. ഞാൻ സ്വാർഥനാണ്. വേണ്ട പരിശീലനം ഞാൻ നടത്തിയില്ല. ഞാൻ ഉഴപ്പനാണ്."
Also Read: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം
"മത്സരത്തിന്റെ തലേന്ന് 15 ബിയർ കഴിച്ച് കളിക്കാനിറങ്ങി പരുക്കേറ്റ പല കളിക്കാരുടെ പേരുകൾ എനിക്ക് പറയാനാവും. അപ്പോൾ ആർക്കും ഒന്നും മിണ്ടാനുണ്ടായില്ല. അത് നിങ്ങൾക്ക് ഒരു പ്രശ്നമല്ല. അത് ഓസീസ് കളിക്കാരുടെ കുസൃതികളായി നിങ്ങൾ കണ്ടു."
"എനിക്ക് പരുക്കേറ്റപ്പോൾ അതിന് ഞാൻ ഉത്തരം പറയണം എന്ന അവസ്ഥയായി. ഞാനെന്ന വ്യക്തി എങ്ങനെയാണ് എന്ന് എന്നായി സംസാരങ്ങൾ. സാധാരണ ഒരു താരത്തിന് പരുക്കേൽക്കുമ്പോൾ അത് നമ്മളെ സങ്കടപ്പെടുത്തും. പാവം ഹെയ്സൽവുഡ്, പാവം ലയോൺ എന്നെല്ലാം പറയും. ഇവർക്കും പരുക്കേറ്റിരുന്നു, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഖവാജ പറഞ്ഞു.
Read More: Damien Martyn: ഓസ്ട്രേലിയൻ മുൻ താരം ഡാമിയൻ മാർട്ടിൻ ഗുരുതരാവസ്ഥയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us