ലണ്ടന്‍: കാത്തിരിപ്പ് അവസാനിക്കുകയാണ്. ലോകം കണ്ട ഏറ്റവും വലിയ അത്‌ലറ്റായ ഉസൈന്‍ ബോള്‍ട്ട് മടങ്ങി വരുന്നു. റേസിങ് ട്രാക്കിനോട് വിട പറഞ്ഞ ബോള്‍ട്ട് ഫുട്‌ബോള്‍ താരമായി മാറാനുള്ള തന്റെ ഏറെക്കാലത്തെ ആഗ്രഹത്തിന് പിന്നാലെയായിരുന്നു. ആ മോഹമാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നത്.

ജൂണ്‍ പത്തിന് ഓള്‍ഡ് ട്രാഫോഡില്‍ വേഗം കൊണ്ട് ലോകത്തെ ഞെട്ടിച്ചവന്‍ കാല്‍പ്പന്തുകൊണ്ട് മായാജാലം സൃഷ്ടിക്കാന്‍ ഇറങ്ങും. യുനിസെഫിന്റെ ചാരിറ്റി മൽസരത്തിലാണ് ബോള്‍ട്ട് ഇറങ്ങുന്നത്. യുനിസെഫിന്റെ സോക്കര്‍ എയ്ഡ് ടീമിന്റെ നായകനായിട്ടായിരിക്കും ബോള്‍ട്ട് കളിക്കളത്തിലെത്തുക. ഫുട്‌ബോള്‍ താരങ്ങളും മറ്റ് മേഖലയില്‍ നിന്നുമുളള പ്രശസ്തരും പങ്കെടുക്കുന്ന മൽസരത്തില്‍ സോക്കര്‍ എയ്ഡിന്റെ എതിരാളികള്‍ ഇംഗ്ലണ്ടാണ്.

കഴിഞ്ഞ വര്‍ഷം ട്രാക്കിനോട് വിട പറഞ്ഞ ബോള്‍ട്ട് തനിക്കൊരു ഫുട്‌ബോള്‍ താരമായി മാറണമെന്ന് പറഞ്ഞിരുന്നു. താരത്തിനായി പല ടീമുകളും രംഗത്തു വരികയും ചെയ്തിരുന്നു. തന്റെ പ്രിയ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ബോള്‍ട്ട് പറഞ്ഞിരുന്നു. ഫുട്‌ബോള്‍ താരമാവുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നായിരുന്നു ബോള്‍ട്ട് പറഞ്ഞത്.

സോക്കര്‍ എയ്ഡിനായി കളിക്കാന്‍ ഇറങ്ങുന്നതിനെ കുറിച്ച് ബോള്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ചാരിറ്റി മൽസരത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന പ്രശസ്ത ഗായകന്‍ റോബി വില്യംസാണ് ബോള്‍ട്ട് സോക്കര്‍ എയ്ഡിന്റെ നായകനാവുന്ന വിവരം പുറത്തു വിട്ടത്.

ലോകത്തെമ്പാടുമുള്ള, ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണം എന്നര്‍ത്ഥത്തിലാണ് മൽസരം അരങ്ങേറുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൈറ്റില്‍ കളിക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 2006 ല്‍ ആരംഭിച്ച സോക്കര്‍ എയ്ഡില്‍ പല പ്രമുഖരും കളിച്ചിട്ടുണ്ട്. വില്‍ ഫെറെല്‍, ജാക്ക് വൈറ്റ്ഹാള്‍, മറഡോണ, റൊണാള്‍ഡിന്യോ തുടങ്ങിയവര്‍ സോക്കര്‍ എയ്ഡില്‍ കളിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്‌സുകളില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണം നേടിയ ഏക താരമാണ് ബോള്‍ട്ട്. നൂറ് മീറ്ററിലും ഇരുന്നൂറ് മീറ്ററിലും ലോക റെക്കോര്‍ഡ് ബോള്‍ട്ടിന്റെ പേരിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ