ട്രാക്കിലെ രാജകുമാരൻ ഉസൈൻ ബോൾട്ടിന് ഫുട്ബോൾ ലോകത്ത് സജീവമാകാൻ അവസരമൊരുങ്ങുന്നു. ദക്ഷിണ യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബായ വല്ലെറ്റ എഫ്‌സിയാണ് വമ്പൻ ഓഫറുമായി ബോൾട്ടിനെ സമീപിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ കരാറാണ് വല്ലെറ്റ ബോൾട്ടിന് മുന്നിൽ വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ക്ലബ്ബായ സെൻഡ്രൽ കോസ്റ്റ് മറൈനേഴ്സിനെതിരെ ആദ്യ ഇലവനിൽ ബൂട്ട്കെട്ടിയ ബോൾട്ട് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോൾ കണ്ടെത്തിയിരുന്നു.

ഓസ്ട്രേലിയൻ ഒന്നാം ഡിവിഷൻ ലീഗായ എ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് മാക്കർതർ സൗത്ത് വെസ്റ്റിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ബോൾട്ട് ഗോൾ കണ്ടെത്തിയത്. ഉസൈൻ ബോൾട്ടിന്റെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സെൻട്രൽ കോസ് മറൈനേഴ്സ് മത്സരം ജയിച്ചുകയറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യൻ ക്ലബ്ബ് ബോൾട്ടിനെ സമീപിച്ചിരിക്കുന്നത്. മാൾട്ടയിലെ ഒന്നാം ഡിവിഷൻ ക്ലബ്ബാണ് വല്ലെറ്റ എഫ്‌സി.

അതേസമയം, ബോൾട്ടുമായി ഇതുവരെ സെൻഡ്രൽ കോസ്റ്റ് മറൈനേഴ്‍സ് കരാറിലെത്തിയിട്ടില്ല. സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ബോൾട്ടുമായി ക്ലബ്ബ് കരാർ ഒപ്പിടുമോയെന്നാണ് ബോൾട്ട് ആരാധകർ ഉറ്റുനോക്കുന്നത്. ഈ മാസം 19നാണ് ഓസ്ട്രേലിയൻ എ ലീഗ് ആരംഭിക്കുന്നത്. ഓസ്ട്രേലിയൻ ക്ലബ്ബുമായി കരാറിലെത്തിയില്ലെങ്കിൽ ബോൾട്ട് മാൾട്ടയിൽ എത്തുമെന്നാണ് കരുതുന്നത്. 2017ലാണ് ദീർഘകാലം ട്രാക്ക് അടക്കി വാണിരുന്ന ഉസൈൻ ബോൾട്ട് അത്‌ലറ്റിക്സിനോട് വിടപറയുന്നത്.

ട്രാക്കിൽനിന്നുമിറങ്ങിയ ബോൾട്ട് നേരെയെത്തിയത് ഫുട്ബോൾ മൈതാനത്തേക്കായിരുന്നു. തന്റെ ജീവിതാഭിലാഷമായാണ് ബോൾട്ട് ഫുട്ബോളിനെ കണ്ടത്. നേരത്തെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് അടക്കമുള്ള ക്ലബുകളില്‍ ബോള്‍ട്ട് ട്രയല്‍സ് നടത്തിയിരുന്നു. പിന്നീടാണ് ഓസ്‌ട്രേലിയന്‍ ക്ലബിലെത്തിയത്. മൂന്ന് ഒളിമ്പിക്സുകളിൽ നിന്നായി 8 സ്വർണ്ണവും ലോകചാമ്പ്യൻഷിപ്പിൽ നിന്ന് 11 സ്വർണ്ണവുമാണ് ബോൾട്ടിന്റെ സമ്പാദ്യം. 100, 200 മീറ്ററുകളിലെ ലോക റെക്കോർഡും ഈ ജമൈക്കകാരന്റെ പേരിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ