ഗോസ്‍ഫോർഡ്: ട്രാക്കിനോട് വിടപറഞ്ഞെങ്കിലും തന്റെയുള്ളിലെ കായികതാരത്തിനും കായികക്ഷമതയ്ക്കും യാഥൊരു കോട്ടവും സംഭവിച്ചട്ടില്ലെന്ന് തെളിയിക്കുകയാണ് സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. ഒാസ്ട്രേലിയൻ ഒന്നാം ഡിവിഷൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്‍സിനായി ബൂട്ട് കെട്ടിയ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകളുമായി ഉസൈൻ ബോൾട്ട് കളം നിറഞ്ഞു.

ഒാസ്ട്രേലിയൻ ഒന്നാം ഡിവിഷൻ ലീഗായ എ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് മാക്കർതർ സൗത്ത് വെസ്റ്റിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ബോൾട്ട് ഗോൾ കണ്ടെത്തിയത്. ഉസൈൻ ബോൾട്ടിന്റെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സെൻട്രൽ കോസ് മറൈനേഴ്സ് മത്സരം ജയിച്ചുകയറി.

കളിയുടെ 57-ാം മിനിറ്റിലായിരുന്നു ബോൾട്ടിന്റെ ആദ്യ ഗോൾ. ഇടതു വിങിലൂടെ സ്കോട്ടിഷ് മുന്നേറ്റതാരം റോസ് മക്കോർമാക്കിന്റെ പാസ്സിലായിരുന്നു ഉസൈൻ ബോൾട്ട് ഗോൾ നേടിയത്. ഗോൾ നേട്ടം തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് അദ്ദേഹം ആഘോഷിച്ചത്.

രണ്ടാം ഗോളിനായി അധികം കാത്തിരിക്കേണ്ടി വന്നില്ല. പത്ത് മിനിറ്റുകൾക്കപ്പുറം 68-ാം മിനിറ്റിൽ മാക്കർതർ സൗത്ത് വെസ്റ്റിന്റെ പ്രതിരോധമെല്ലാം തകർത്ത് മുന്നേറിയ ബോൾട്ട് അനായാസം ഗോൾ വല ചലിപ്പിക്കുകയായിരുന്നു. നേരത്തെ പകരക്കാരനായി ഒരു മത്സരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും അന്ന് മോശം പ്രകടനമാണ് താരം പുറത്തെടുത്തത്.

മത്സരശേഷം ബോൾട്ടിന്റെ പ്രതികരണം ഇങ്ങനെ “മത്സരത്തിൽ തന്റെ ഭാഗത്തുനിന്ന് ചില പിഴവുകൾ സംഭവിച്ചു എന്നറിയാം, എന്നാലും ആദ്യ മത്സരത്തിൽ തന്നെ രണ്ട് ഗോളുകൾ നേടാൻ സാധിച്ചത് മികച്ച തുടക്കമായി കാണുന്നു. ഓരോ തവണയും കളി മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ട്. വരും മത്സരങ്ങളിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് കരുതുന്നത്”

അതേസമയം ബോൾട്ടുമായി ഇതുവരെ ക്ലബ്ബ് കരാറിലെത്തിയിട്ടില്ല. സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ബോൾട്ടുമായി ക്ലബ്ബ് കരാർ ഒപ്പിടുമോയെന്നാണ് ബോൾട്ട് ആരാധകർ ഉറ്റുനോക്കുന്നത്. ഈ മാസം 19നാണ് ഒസ്ട്രേലിയൻ എ ലീഗ് ആരംഭിക്കുന്നത്.

2017ലാണ് ദീർഘകാലം ട്രാക്ക് അടക്കി വാണിരുന്ന ഉസൈൻ ബോൾട്ട് അത്ലറ്റിക്സിനോട് വിടപറയുന്നത്. ട്രാക്കിൽനിന്നുമിറങ്ങിയ ബോൾട്ട് നേരെയെത്തിയത് ഫുട്ബോൾ മൈതാനത്തേക്ക്. തന്റെ ജീവിതാഭിലാശമായാണ് ബോൾട്ട് ഫുട്ബോളിനെ കണ്ടത്. മൂന്ന് ഒളിമ്പിക്സ്കളിൽ നിന്നായി 8 സ്വർണ്ണവും ലോകചാമ്പ്യൻഷിപ്പിൽ നിന്ന് 11 സ്വർണ്ണവുമാണ് ബോൾട്ടിന്റെ സമ്പാദ്യം. 100 , 200 മീറ്ററുകളിലെ ലോക റെക്കോർഡും ഈ ജമൈക്കകാരന്റെ പേരിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ