ഓസ്ട്രാവ: ട്രാക്കിൽ നിന്ന് വിടവാങ്ങാൻ ഒരുങ്ങുന്ന ഉസൈൻ ബോൾട്ടിന് മറ്റൊരു വിജയം കൂടി. ഓസ്ട്രാവ ഗോൾഡൻ സ്പൈക്ക് മീറ്റിൽ 100 മീറ്റർ പോരാട്ടത്തിലാണ് ബോൾട്ട് വീണ്ടും പൊന്നണിഞ്ഞത്. 10.06 സെക്കന്റിലായിരുന്നു ബോൾട്ട് ഓസ്ട്രാവയിൽ ഫിനിഷ് ചെയ്തത്. ലണ്ടനിൽ ഓഗസ്റ്റിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പായിരിക്കും ഉസൈൻ ബോൾട്ടിന്റെ അവസാന മത്സരം.

100 മീറ്റർ മത്സരത്തിൽ ഉസൈൻ ബോൾട്ട് ആദ്യമായി സ്വർണ്ണം നേടിയ മൈതാനമാണ് ഓസ്ട്രാവയിലേത്. അതിനാൽ തന്നെ റേസ് ഉസൈൻ ബോൾട്ടിന് വൈകാരികമായിരുന്നു.

usian bolt

100 മീറ്ററിന്റെ ഫൈനൽ മത്സരത്തിൽ ഉസൈൻ ബോൾട്ടിന് തുടക്കം പിഴച്ചിരുന്നു. ക്യൂബയുടെ യുനീർ പെരസായിരുന്നു ആദ്യ 50 മീറ്ററിൽ ലീഡ് ചെയ്തത്. എന്നാൽ അവസാന കുതിപ്പിൽ ഉസൈൻ ബോൾട്ട് ക്യൂബാൻ താരത്തെ പിന്തള്ളുകയായിരുന്നു.

10.06 സെക്കന്റിൽ ബോൾട്ട് ഫിനിഷ് ചെയ്തപ്പോൾ , രണ്ടാം സ്ഥാനത്ത് എത്തിയ യൂനീർ പെരസ് 10.09 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. എന്നാൽ തന്റെ പ്രകടനത്തിൽ സന്തുഷ്ടനല്ല എന്ന് ബോൾട്ട് മത്സര ശേഷം പറഞ്ഞു. കാണികളുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ