ന്യൂയോര്‍ക്ക്: പഴക്കം ചെല്ലും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ടെന്നിസ് കോർട്ടിൽ റോജർ ഫെഡറർ. താരത്തിന്റെ സമീപകാല നേട്ടങ്ങളെല്ലാം അദ്ദേഹത്തെ ടെന്നിസ് ആരാധകർക്കിടയിൽ അതിമാനുഷനായി വളർത്തിയിരിക്കുകയാണ്.

37 കാരനായ റോജർ ഫെഡററുടെ കളിക്കളത്തിലെ മെയ്‌വഴക്കം കണ്ട് അമ്പരന്നത് 23 കാരനായ എതിരാളി നിക് കിർഗിയോസ്. യു.എസ് ഓപ്പണിലെ മൂന്നാം റൗണ്ട് മത്സരത്തിനിടെയാണ് എതിരാളിയുടെ വാപൊളിപ്പിച്ച നീക്കത്തിലൂടെ ലോക രണ്ടാം സീഡായ റോജർ ഫെഡറർ ആരാധകരുടെ കൈയ്യടി നേടിയത്.

നിക് തനിക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച പോയിന്റ് ഒരു ഫ്ലിക്കിലൂടെ റോജർ കൈക്കലാക്കിയതാണ് ഇപ്പോൾ ലോകമാകമാനമുളള ടെന്നിസ് വർത്തമാനം. ഈ കളിയുടെ വീഡിയോ ദൃശ്യം ഇപ്പോൾ നവമാധ്യമങ്ങളിലാകെ വൈറലാവുകയാണ്.

ഓസീസ് ടെന്നിസ് കളിക്കാരനായ നിക് കിർഗിയോസ് ലോക പുരുഷ റാങ്കിങിൽ 30ാം സ്ഥാനത്താണ്. ഫെഡറർക്ക് എതിരായ മത്സരത്തിൽ മൂന്നാം സെറ്റിൽ ഇരുവരും മൂന്ന് പോയിന്റ് നേടിയിരിക്കെയാണ് ഈ ഫ്ലിക് പിറന്നത്. സെറ്റിൽ നാലാം പോയിന്റ് ഉറപ്പിച്ചായിരുന്നു നിക് മുന്നേറിയത്.

നിക്കാണ് സർവ് എടുത്തത്. ഇത് നിക്കിന്റെ കോർട്ടിൽ വലതുഭാഗത്തേക്ക് ഫെഡറർ മടക്കി. തന്റെ കോർട്ടിൽ ഇടതുമൂലയിലായാണ് ഫെഡറർ ഈ സമയത്ത് നിന്നിരുന്നത്. നെറ്റിന്റെ വലതുമൂലയിലേക്ക് ഒരു ഡ്രോപ്പ് ഷോട്ട് നൽകി ഫെഡററെ സമ്മർദ്ദത്തിലാക്കാനായിരുന്നു നിക്കിന്റെ ശ്രമം.

തോറ്റ് പിന്മാറാൻ പക്ഷെ ഫെഡറർ ഒരുക്കമായിരുന്നില്ല. ഇടതുമൂലയിൽ നിന്ന് നെറ്റിന്റെ വലതുമൂലയിലേക്ക് പാഞ്ഞെത്തിയ ഫെഡറർ പന്ത് ഫ്ലിക് ചെയ്ത് നിക്കിന്റെ കോർട്ടിലിട്ടു. ആ നീക്കം വിജയിക്കുമെന്ന് നിക് കരുതിയിരുന്നില്ല. പക്ഷെ ഫെഡററുടെ നീക്കത്തിൽ ഞെട്ടിയ നിക് വാപൊളിച്ച് നിന്നു.