യുഎസ് ഓപ്പൻ ടെന്നീസിൽ ലോക രണ്ടാം നമ്പർ താരം റോജർ ഫെഡറർ പുറത്ത്. ഓസ്ട്രേലിയുടെ ജോൺ മിൽമാനിനോടാണ് ഫെഡറർ കീഴടങ്ങിയത്. നാലാം റൗണ്ടിൽ ആദ്യ സെറ്റ് പിന്നിട്ട് നിന്ന ശേഷമാണ് 55-ാം റാകുകാരനായ ജോൺ മുൻ ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്കോർ 3-6, 7-5, 7-6(7), 7-6(3).
ആദ്യ സെറ്റിൽ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും തന്നിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് കളിക്കുകയായിരുന്നെന്ന് ജോൺ പറഞ്ഞു. മൂന്ന് മണിക്കൂറും 34 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ജോൺ മിൽമാനിന്റെ അട്ടിമറി വിജയം.
രണ്ടാം സീഡായ ഫെഡറർ ആദ്യ മൂന്ന് മത്സരങ്ങളിൽ ഒരു സെറ്റ്പോലും നഷ്ടപ്പെടുത്താതെയാണ് മുന്നേറിയത്. തന്റെ ആറാം കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ഫെഡറർ എന്നാൽ 4-ാം സെറ്റിലേക്ക് നീണ്ട പോരാട്ടത്തിൽ അടിയറവ് പറയുകയായിരുന്നു.
വനിത വിഭഗത്തിൽ മരിയ ഷറപ്പോവയും പുറത്തായി. സ്പെയിനിന്റെ കാർലാ സുവാരസാണ് ഷറപ്പോവയെ അട്ടിമറിച്ചത്. തന്റെ ജന്മദിനത്തിലായിരുന്നു കാർലയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ അട്ടിമറി വിജയം. അതേസമയം നൊവാക്ക് ജോക്കോവിച്ചിനും സെറീന വില്യംസിനും വിജയം, യുഎസ് ഓപ്പൺ ക്വർട്ടറിൽ കടന്നു.