ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റാങ്ക് നേടിയിരിക്കുകയാണ് ഇന്ത്യൻ ടീം. വിജയക്കുതിപ്പ് തുടരുന്ന ടീം ഇന്ത്യ ജൂലൈ ആറിന് പുറത്തിറക്കിയ പട്ടികയിൽ 96ാം സ്ഥാനത്താണ് എത്തിയത്. എന്നാൽ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നതിനിടെ നില തെറ്റി പട്ടികയിൽ പിൻനിരയിലായ സൂപ്പർ ടീമുകൾ അടക്കമുള്ളവരുണ്ട്

ഫുട്ബോൾ ലോകത്ത് ശക്തരായ അമേരിക്കയാണ് പട്ടികയിൽ ഏറ്റവും വലിയ അടി പറ്റിയിരിക്കുന്നത്. 23ാംസ്ഥാനത്തുണ്ടായിരുന്ന ടീം ഒറ്റയടിക്ക് പന്ത്രണ്ട് റാങ്കാണ് താഴേ പോയത്. 2012 ജൂലൈ ആഗസ്ത് മാസങ്ങളിൽ 36ാം സ്ഥാനത്തായിരുന്ന ടീം, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന റാങ്ക് എന്ന നാണക്കേടിൽ നിന്ന് കഷ്ടിച്ച് തലയൂരി.

കഴിഞ്ഞ ഒരു വർഷത്തെ മത്സരങ്ങളിൽ നിന്ന് ദേശീയ ടീം സ്വന്തമാക്കുന്ന ശരാശരി പോയിന്റ്, മൂന്ന് വർഷത്തെ ശരാശരി പോയിന്റുമായി കൂട്ടിയിട്ടാണ് ഫിഫ റാങ്കിംഗ് പട്ടിക തയ്യാറാക്കുന്നത്. രണ്ട് വർഷത്തിനിടെ ആദ്യമായി ജർമ്മനി ലോകറാങ്കിംഗിൽ ഒന്നാമതെത്തിയെന്നതാണ് ഇത്തവണത്തെ പട്ടികയുടെ മറ്റൊരു പ്രത്യേകത. കോൺഫെഡറേഷൻസ് കപ്പ് വിജയത്തിന് പിന്നാലെയാണ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ജർമ്മനി മുന്നേറിയത്.

ഇതോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ രണ്ടാം സ്ഥാനത്തേക്കും, രണ്ടാം സ്ഥാനത്തായിരുന്ന അർജന്റീന മൂന്നാം സ്ഥാനത്തേക്കും വീണു. ബ്രസീൽ, അർജന്റീന, ബെൽജിയം എന്നീ രാജ്യങ്ങളായിരുന്നു നേരത്തേ റാങ്കിംഗിൽ ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്നത്.

കോൺഫെഡറേഷൻസ് കപ്പിന്റെ ഫൈനലിൽ നിർഭാഗ്യം കൊണ്ട് മാത്രം പരാജയപ്പെട്ട ചിലിയ്ക്കും നഷ്ടമാണ് റാങ്കിംഗിൽ ഉണ്ടായിരിക്കുന്നത്. മൂന്ന് സ്ഥാനം താഴേക്ക് പതിച്ച ചിലി ഇപ്പോൾ ഏഴാമത്തെ മികച്ച ഫുട്ബോൾ ടീമായി മാറിയിരിക്കുകയാണ്.

അർജന്റീനയ്ക്ക് പുറകിൽ നാലാം സ്ഥാനത്തുള്ളത് പോർച്ചുഗൽ ആണ്. കോൺഫെഡറേഷൻസ് കപ്പിൽ മൂന്നാമതായ ടീമിന്, പ്രകടനം ഗുണം ചെയ്തു. നാല് സ്ഥാനങ്ങൾ ഉയർന്നാണ് പോർച്ചുഗൽ നാലാം സ്ഥാനത്തെത്തിയത്.

ഫെറോ ഐലന്റിനെ ലോകകപ്പ് യോഗ്യത റൗണ്ടിൽ പരാജയപ്പെടുത്തിയ സ്വിറ്റ്സർലന്റ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അപരാജിത മുന്നേറ്റം തുടരുന്ന പോളണ്ടും നില മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയർന്നു. കൊളംബിയ ആണ് ചിലിക്ക് പുറകിൽ എട്ടാം സ്ഥാനത്തുള്ളത്. ഫ്രാൻസ് ഒൻപതാം സ്ഥാനത്തും ബെൽജിയം പത്താം സ്ഥാനത്തുമാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ