ബെംഗളൂരു : അപ്രതീക്ഷിതമായ ഒരുപാട് ലേലങ്ങള്‍ക്കാണ് ഇത്തവണ ഐപിഎല്‍ സാക്ഷ്യംവഹിച്ചത്‌. ഉനദ്കട് ഏറ്റവും വിലയേറിയ രണ്ടാമത് താരമായത് മുതല്‍ അവസാന നിമിഷം വരെ വിറ്റുപോകാതിരുന്ന ക്രിസ് ഗെയില്‍ വരെ നീളുന്ന അത്ഭുതങ്ങള്‍. ക്രിസ് ഗെയിലും യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങും അടക്കമുള്ള വമ്പന്മാര്‍ അടിസ്ഥാന തുകയ്ക്കാണ് വിറ്റുപോയത്. അടിസ്ഥാന തുകയ്ക്ക് പോലും എടുക്കാന്‍ ആളില്ലാതെപോയ ചില മികച്ച താരങ്ങളും ഈ ലേലത്തില്‍ ഉണ്ടായിരുന്നു.

ഏറെ പ്രതീക്ഷ കല്‍പിച്ച താരമാണ് ഇംഗ്ലീഷ് നായകനായ ബാറ്റ്സ്മാന്‍ ജോ റൂട്ട്. ആദ്യമായി ഐപിഎല്‍ ലേലത്തിന്‍റെ ഭാഗമാകുന്നത് ഈ താരത്തിന് ഒന്നര കോടി രൂപയായിരുന്നു അടിസ്ഥാനവില. ഈ വില കൊടുത്ത് റൂട്ടിനെ സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹാഷിം ആംലയാണ് വിട്ടുപോകാത്ത മറ്റൊരു പ്രമുഖന്‍. ക്രിക്കറ്റിലെ എക്കാലത്തേയും നല്ല ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മുപ്പത്തിനാലുകാരന് വേണ്ടി ഒരാളും മുന്നോട്ട് വന്നില്ല. ശ്രീലങ്കന്‍ ബോളര്‍ ലസിത് മലിങ്കയാണ് വാങ്ങാന്‍ ആളില്ലാതെപോയ മറ്റൊരു പ്രമുഖന്‍. ഐപിഎല്ലില്‍ മികച്ച റിക്കോഡാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഈ മുപ്പത്തിനാലുകാരന്‍റെത്. ഒരുകോടിയാണ് ഈ ഫാസ്റ്റ് ബോളറുടെ അടിസ്ഥാനവില.

മുന്‍ വര്‍ഷം കിങ്ങ്സ് ഇലവന്‍ പഞ്ചാബില്‍ നല്ലൊരു പ്രകടനം കാഴ്ചവെച്ച ഓസീസ് താരം ഷോണ്‍ മാര്‍ഷ് ആണ് ഈ വര്‍ഷം ഐപിഎല്ലിന് നഷ്ടമാകുന്ന മറ്റൊരു താരം. ഈ കഴിഞ്ഞ ആഷസ് പരമ്പരയില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധശതകവുമെടുത്ത ഈ മുപ്പത്തിനാല് കാരനില്‍ ഐപിഎല്‍ ഉടമകള്‍ യാതൊരു താത്പര്യവും പ്രകടിപ്പിച്ചില്ല. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ജെയിംസ്‌ ഫാള്‍ക്നര്‍ ആണ് വിറ്റുപോകാത്ത മറ്റൊരു താരം.

ന്യൂസിലന്‍ഡുകാരനായ ഓപ്പണര്‍ മാര്‍ട്ടിന്‍ ജെയിംസ് ഗുപ്തില്‍ ആണ് ഐപിഎല്ലില്‍ തുടരാനാകാത്ത്ത മറ്റൊരു താരം. കഴിഞ്ഞവര്‍ഷം കിങ്ങ്സ് ഇലവന്‍ പഞ്ചാബില്‍ കളിച്ച കിവീസ് ഓപ്പണര്‍ക്ക് മികച്ച ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോവാണ് ആരെയും ആകര്‍ഷിച്ചില്ല. ഒന്നരക്കോടി അടിസ്ഥാനവിലയ്ക്ക് അവതരിപ്പിച്ച ഈ ഇംഗ്ലീഷ് താരത്തിന് ആവശ്യക്കാര്‍ ഇല്ലായിരുന്നു.

ഓസീസ് ബോളര്‍ ജോഷ്‌ ഹെസില്‍വുഡും മറ്റാരെയും ഐപിഎല്ലില്‍ ഏറെ മത്സരസാധ്യത കല്‍പ്പിച്ച താരമാണ്. രണ്ട് കോടി അടിസ്ഥാന വില കല്‍പ്പിച്ച ഈ ജോഷിന് വേണ്ടിയും ആരും മുന്നോട്ട് വന്നില്ല. ഇംഗ്ലീഷ് ബോളര്‍ ഡേവിഡ്‌ വില്ലിയും ഇതേ തുകയ്ക്ക് വിറ്റഴിയാതെ നില്‍ക്കുന്നു.

കിവീസ് ആള്‍ റൗണ്ടര്‍ കൊറേ ആന്‍ഡേഴ്സണ്‍, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കൈല്‍ അബ്ബോട്ട്, വിന്‍ഡീസ് ആള്‍ റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍, മോയിസസ് എന്‍റിക്വി, കോളിന്‍ ഇന്‍ഗ്രാം, ട്രാവിസ് ഹെഡ്, തുടങ്ങി പട്ടിക നീളുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ