ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റനായി വിരാട് കോഹ്ലി തുടരുന്നതിനെ അനുകൂലിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. നേരത്തെ കോഹ്ലിയുടെ മുൻ ഓപ്പണിങ് പാർട്ട്ണർ കൂടിയായിരുന്ന ഗൗതം ഗംഭീർ കോഹ്ലി ആർസിബി നായക സ്ഥാനം ഒഴിയണമെന്ന് പറഞ്ഞതിന് പിറകെയാണ് സെവാഗ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

വെള്ളിയാഴ്ച നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐ‌പി‌എൽ ‘എലിമിനേറ്റർ’ മത്സരത്തിൽ ആറ് വിക്കറ്റിന് ആർസിബി പരാജയപ്പെട്ടതോട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായതോടെയാണ് നായകൻ കോഹ്ലിക്കെതിരെ ഗംഭീർ വിമർശനമുമന്നയിച്ചത്. മോശം ബാറ്റിങ് പ്രകടനം ടീമിന്റെ പരാജയത്തിന് കാരണമായിരുന്നു.

തുടർച്ചയായി സീസണുകളിൽ ടീം പരാജയപ്പെടുന്ന സാഹചര്യത്തിൽ കോഹ്ലി ആർസിബി നായക സ്ഥാനത്തുനിന്ന് ഒഴിവാവണമെന്ന് ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയത്തിലെത്തിച്ച ഗംഭീർ പറഞ്ഞു. എന്നാൽ ഈ നിലപാടിനോട് യോജിക്കുന്നില്ലെന്ന് സെവാഗ് പറഞ്ഞു.

“ഒരു ക്യാപ്റ്റൻ തന്റെ ടീമിന്റെയത്രമാത്രമാണ് മികച്ചത്. വിരാട് കോഹ്‌ലി ഇന്ത്യയുടെ നായകനാക്കുമ്പോൾ ഫലം നൽകാൻ അദ്ദേഹത്തിന് കഴിയും. കോഹ്ലി മത്സരങ്ങളിൽ വിജയിക്കുന്നുണ്ടോ? ഏകദിനങ്ങൾ, ടി 20, ടെസ്റ്റുകൾ. എന്നാൽ ആർ‌സി‌ബിയുടെ ക്യാപ്റ്റനായിരിക്കുമ്പോൾ, ടീമിന് പ്രകടനം നടത്താൻ കഴിയില്ല, ”സെവാഗ് ക്രിക്ക്ബസിനോട് ’പറഞ്ഞു.

ക്യാപ്റ്റന് മികച്ച ടീം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, മാനേജ്‌മെന്റ് അവരുടെ ക്യാപ്റ്റനെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും പകരം ഈ ടീമിനെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു.

“അവരുടെ പ്രകടനം മെച്ചപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആരെയൊക്കെ ടീമിൽ ചേർക്കണോ അവരെയെല്ലാം ചേർക്കണം,” സെവാഗ് കൂട്ടിച്ചേർത്തു.

15 മത്സരങ്ങളിൽ നിന്ന് 121.35 എന്ന സ്ട്രൈക്ക് റേറ്റിൽ 466 റൺസ് നേടിയ കോഹ്‌ലി പലപ്പോഴും മിഡിൽ ഓവറിൽ മുന്നോട്ട് പോവാൻ പാടുപെട്ടിട്ടുണ്ട്.

ആർ‌സി‌ബി ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലിയുടെ പ്രകടനം അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിലേക്ക് നയിക്കണമെന്ന് ഗംഭീർ പറഞ്ഞിരുന്നു.

“ഒരു നായകനെന്ന നിലയിൽ കോഹ്‌ലിയുടെ പേര്, ഐ‌പി‌എല്ലിന്റെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരായ രോഹിത് ശർമ, മഹേന്ദ്ര സിംഗ് ധോണി എന്നിവരോടൊപ്പം എടുക്കേണ്ടതില്ല,” എന്നാണ് ഗംഭീർ പറഞ്ഞത്.

ഗംഭീർ ‘ഇ‌എസ്‌പി‌എൻ‌ക്രിൻ‌ഫോ’യോട് സംസാരിക്കുമ്പോൾ ആർ‌സി‌ബിയുടെ ക്യാപ്റ്റൻ‌സിയിൽ നിന്ന് കോഹ്‌ലിയെ നീക്കം ചെയ്യണമോയെന്ന ചോദ്യത്തിന് 100 ശതമാനവും എന്ന് ഉത്തരം പറഞ്ഞിരുന്നു, “കാരണം പ്രശ്നം ഉത്തരവാദിത്തത്തെക്കുറിച്ചാണ്. ടൂർണമെന്റിൽ എട്ട് വർഷം ട്രോഫി ഇല്ലാതെ തുടർന്നു, എട്ട് വർഷം ഒരു നീണ്ട സമയമാണ്,” ഗംഭീർ പറഞ്ഞു.

“മറ്റേതെങ്കിലും ക്യാപ്റ്റനെ കാണിച്ചു തരൂ, ഇങ്ങനെ തുടരുന്നതായിട്ട്. ക്യാപ്റ്റനെക്കുറിച്ച് മറന്നേക്കൂ, എട്ട് വർഷം ലഭിക്കുകയും കിരീടം നേടാതിരുന്നിട്ടും വീണ്ടും തുടരുന്ന മറ്റൊരു കളിക്കാരനെ കാണിച്ച് തരൂ,” ഗംഭീർ പറഞ്ഞു.

2012 ലും 2014 ലുമായാണ് ഗംഭീറിന്റെ ക്യാപ്റ്റൻസിയിൽ കെ‌കെ‌ആർ രണ്ട് ഐ‌പി‌എൽ കിരീടങ്ങൾ നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook