സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഞായറാഴ്‌ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ചെന്നൈയുടെ കിരീടാരോഹണം കണ്ടത്. ഇതോടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തങ്ങളുടെ തിരിച്ചു വരവ് ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു ചെന്നൈ.

ഷെയ്ന്‍ വാട്‌സണിന്റെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ചെന്നൈയുടെ വിജയം. ഹൈദരാബാദിന്റെ കരുത്തുറ്റ ബോളിങ് നിരയെ നിഷ്‌പ്രഭമാക്കുന്നതായിരുന്നു ചെന്നൈയുടെ പ്രകടനം. എന്നാല്‍ കിരീട നേട്ടത്തിന്റേയും ആഘോഷങ്ങളുടേയും ഇടയില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു റെക്കോര്‍ഡ് കൂടി ചെന്നൈ സ്വന്തമാക്കിയിരുന്നു.

വാട്‌സണ്‍ മാത്രം അടിച്ച എട്ട് സിക്‌സുകളടക്കം പത്ത് സിക്‌സുകളാണ് ഫൈനലില്‍ ചെന്നൈ താരങ്ങള്‍ അടിച്ചെടുത്തത്. ഇത് പുതിയ റെക്കോര്‍ഡിലേക്കാണ് ചെന്നൈയെ എത്തിച്ചിരിക്കുന്നത്. ഈ ഐപിഎല്ലിൽ ചെന്നൈ ടീം നേടിയത് ആകെ 145 സിക്‌സുകളാണ്. ഇതോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ചെന്നൈ നേടിയിരിക്കുകയാണ്.

നേരത്തെ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2016 ല്‍ കോഹ്‌ലിയുടെ ടീം നേടിയത് 142 സിക്‌സുകളായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു അന്ന് സിക്‌സ് അടിക്കുന്നതിലും ബെംഗളൂരുവിനെ മുന്നില്‍ നിന്ന് നയിച്ചത്. 38 സിക്‌സുകളാണ് വിരാട് ആ സീസണില്‍ അടിച്ചെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ