കുറ്റിക്കാടിന് നടുവിലൊരു അടച്ചുറപ്പില്ലാത്ത കെട്ടിടം. വെയിലില്‍ നിന്നും മഴയില്‍ നിന്നുമൊക്കെ രക്ഷനേടാന്‍ കീറിയ തുണി. വലത് വശത്തൊരു പശുത്തൊഴുത്ത്. കുറച്ച് യുവതികളും യുവാക്കളും വ്യായാമം ചെയ്യുന്നു. ആ കെട്ടിടത്തിന്റെ ചുമരില്‍ ത്രിവര്‍ണ പതാക തൂക്കിയിട്ടിട്ടുണ്ട്. അവര്‍ നില്‍ക്കുന്നയിടം പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്.
കൊൽക്കത്തയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ അകലെയുള്ള ദെയുൽപൂരിലെ ഈ സൗകര്യത്തിൽ ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. ജൂനിയർ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവും കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനം വിഭാഗത്തില്‍ 313 കിലോഗ്രാം (സ്നാച്ചിൽ 143 കിലോഗ്രാം, 143 കിലോഗ്രാം ക്ലീൻ ആന്റ് ജെർക്കിൽ 170 കിലോഗ്രാം) ഉയര്‍ത്തി ഗെയിംസ് റെക്കോർഡോടെ ഇന്ത്യയുടെ സ്വർണം നേടിയ അചിന്ത ഷീലി തന്റെ യാത്ര ആരംഭിച്ചത് ഇവിടെ നിന്നാണ്.

ആദ്യ കാഴ്ചയില്‍ വളരെ മെലിഞ്ഞ ഒരു പയ്യനായിരുന്നു അചിന്ത. അന്നത്തെ ആ കുട്ടിക്ക് ഭാരോദ്വഹനത്തില്‍ മത്സരിക്കാനുള്ള സാധ്യത പോലുമില്ലായിരുന്നെന്നാണ് ആദ്യ കാല പരിശീലകനായ അസ്തം ദാസ് പറയുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗകര്യങ്ങള്‍ തീരെയില്ലാത്ത വ്യായാമപ്പുരയിലേക്ക് അചിന്തയെത്തിയത്. “ദേശീയ തലത്തില്‍ മത്സരിക്കാന്‍ തയാറെടുക്കുമ്പോഴാണ് പിതാവിന്റെ മരണം സംഭവിച്ചതും സാമ്പത്തിക സ്ഥിതി മോശമായതും. അതിനാല്‍ കുടുംബത്തിന്റെ ചുമതല എനിക്ക് ഏറ്റെടുക്കേണ്ടതായി വന്നു. കോളജ് പഠനവും അവസാനിപ്പിച്ചു,” അചിന്തയുടെ സഹോദരന്‍ അലോക് പറയുന്നു.
വലിയ ലക്ഷ്യത്തിനായുള്ള കഠിന ശ്രമത്തിലായിരുന്നു അചിന്ത. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ വീട്ടിലുണ്ടായിരുന്നത് കേവലം മുപ്പത് ദിവസങ്ങള്‍ മാത്രമായിരിക്കും. സൗകര്യങ്ങള്‍ തീരെയില്ലാത്ത ആ കൊച്ചുവീട്ടിലെ അചിന്തയുടെ മുറി ചൂണ്ടിക്കാണിച്ച് അമ്മ പൂര്‍ണിമ പറഞ്ഞു, “അവന്റെ നേട്ടങ്ങളുടെയെല്ലാം തുടക്കം ഇവിടെ നിന്നായിരുന്നു”

ബോഡിബില്‍ഡിങ്ങിനോടുള്ള അലോകിന്റെ താത്പര്യത്തില്‍ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. അസ്തം ദാസിന്റെ ചെറിയ ജിമ്മിലേക്ക് അലോകിന്റെയൊപ്പം അചിന്തയുമെത്തി. മുന്‍ ദേശിയ താരം കൂടിയായ അസ്തം സൗജന്യമായായിരുന്നു ഇരുവരേയും പരിശീലിപ്പിച്ചിരുന്നത്.
ആവശ്യമായ ആരോഗ്യ പോലുമില്ലായിരുന്ന അചിന്തയ്ക്ക് ഇത്രയും വളര്‍ച്ചയുണ്ടാകാനുള്ള കാരണം ഗെയിമിനോടുള്ള അഭിനിവേശമാണെന്നാണ് അസ്തം പറയുന്നത്. ഭക്ഷണവും ആവശ്യമായ കായികോപകരണങ്ങളെല്ലാംഅചിന്തയ്ക്ക് നല്‍കിയത് അസ്തമായിരുന്നു. പിന്നീട് സൈന്യത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയതോടെയാണ് എല്ലാം ശരിയായി സംഭവിക്കാന്‍ തുടങ്ങിയത്.
പിതാവിന്റെ മരണത്തിന്റെ വേദനകള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ ഗുവാഹത്തിയില്‍ നടന്ന ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ അലോകും അചിന്തയും പങ്കെടുത്തു. 2013 ല്‍ നടന്ന ടൂര്‍ണമെന്റില്‍ അചിന്ത നാലാം സ്ഥാനം നേടി.
ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ് അചിന്തയെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. ബംഗാളില്‍ നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓരേയൊരു താരം അചിന്തയായിരുന്നു. പിന്നീട് അചിന്തയുടെ പഠനവും ഇൻസ്റ്റിറ്റ്യൂട്ടില്‍ തന്നെയായിരുന്നു. ഹരിയാനയില്‍ നടന്ന യൂത്ത് നാഷണല്‍ ഗെയിംസില്‍ മൂന്നാം സ്ഥാനം നേടി. 2015 ല്‍ സൈന്ന്യത്തില്‍ അചിന്ത ചേര്‍ന്നു. അവിടെ നിന്നാണ് ദേശിയ ടീമിലേക്കുള്ള വിളി വരുന്നത്, പിന്നീട് താരത്തിന്റെ വളര്‍ച്ച കൂടുതല്‍ വേഗത്തിലായിരുന്നു.

“സ്കൂളില്‍ പഠിക്കുന്ന കാലത്ത് അചിന്ത രാവിലെ ഒന്‍പത് മുതല്‍ പത്ത് വരെ പരിശീലനം നടത്തുമായിരുന്നു. ശേഷം ആഹാരം കഴിച്ചിട്ട് സ്കൂളിലേക്ക്. നാല് മണിക്ക് തിരികെയെത്തിയാല്‍ ആവശ്യമായ ഭക്ഷണത്തിന് ശേഷം വീണ്ടും പരിശീലനം. രാത്രി ഏഴ് വരെ പരിശീലനം തുടരും. ഈ കായികത്തിലൂടെ മാത്രമെ ഉയരാന്‍ കഴിയുകയുള്ളെന്ന് താന്‍ എപ്പോഴും അചിന്തയോടെ പറയുമായിരുന്നു,” അലോക് കൂട്ടിച്ചേര്‍ത്തു.
“അചിന്തയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്കില്ലായിരുന്നു. ദേശിയ ചാമ്പ്യന്‍ഷിപ്പിന് പോയപ്പോള്‍ ചെലവിനായി നല്‍കിയത് 500 രൂപ മാത്രമായിരുന്നു. പക്ഷെ അതില്‍ അവന്‍ സന്തോഷവാനായിരുന്നു,” അലോക് പറയുന്നു.