മുംബൈ: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ താരവുമായ അമിത് ഭണ്ഡാരിയെ ആക്രമിച്ച സംഭവത്തില്‍ അണ്ടര്‍ 23 താരം അനൂജ് ദേധക്ക് ആജീവനാന്ത വിലക്ക്. ഡിഡിസിഎ തലന്‍ രജത് ശര്‍മ്മയാണ് ഉത്തരവ് അറിയിച്ചത്.
അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഭണ്ഡാരിയെ താരം ആക്രമിച്ചത്. ക്രിക്കറ്റിന്റെ എല്ലാ മേഖലകളില്‍ നിന്നും താരത്തെ ആജീവനാന്ത കാലത്തേക്ക് വിലക്കുകയാണെന്നും മറ്റ് നിയമ നടപടികളും മുറക്ക് നടക്കുമെന്നും രജത് ശര്‍മ്മ അറിയിച്ചു.
സെന്റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ അണ്ടര്‍ 23 ടീമിലേയ്ക്കുള്ള സെലക്ഷനിടെയായിരുന്നു സംഭവം. അമിതിന്റെ തലയ്ക്കും കാലിനും പരുക്കേറ്റിരുന്നു. ഹോക്കി സ്റ്റിക്കും ഇരുമ്പ് കമ്പിയുമുപയോഗിച്ചാണ് ഭണ്ഡാരിയെ അക്രമിച്ചത്. പൊലീസ് വരുന്നതിന് മുമ്പ് അക്രമണകാരികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
ന്യൂഡല്‍ഹിയില്‍ ഒരു ക്രിക്കറ്റ് അക്കാദമി സ്വന്തം നിലയില്‍ നടത്തുന്ന വ്യക്തിയാണ് അമിത് ഭണ്ഡാരി. 2000ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അമിത് ഭണ്ഡാരിയ്ക്ക് എന്നാല്‍ അധികകാലം ടീമില്‍ തുടരാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്ത്യ എയ്ക്ക് വേണ്ടി 2003ല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, രാജ്യാന്തര ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാന്‍ താരത്തിന് സാധിച്ചില്ല.