അണ്ടർ 19 ലോകകപ്പിൽ കന്നി കിരീടം നേടി ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായം എഴുതി ചേർത്തിരിക്കുകയാണ്. നിലവിലെ ചാംപ്യന്മാരായ ഇന്ത്യയെ തകർത്തായിരുന്നു ബംഗ്ലാ കടുവകളുടെ കിരീടധാരണം എന്നതും ശ്രദ്ധേയമാണ്. യശസ്വി ജയ്സ്വാളും ദിവ്യാൻഷ് സക്സേനയും രവി ബിഷ്ണോയിയും ആദിത്യ ത്യാഗിയുമെല്ലാം ഉൾപ്പെടുന്ന കരുത്തുറ്റ ഇന്ത്യൻ നിരയെ ഫലപ്രദമായി നേരിട്ട ബംഗ്ലാദേശ് അർഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ ഈ നേട്ടത്തെ 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനോടാണ് ക്രിക്കറ്റ് രംഗത്തെ പലരും ഉപമിക്കുന്നത്. അപ്രതീക്ഷിതമോ അട്ടിമറിയോ അല്ല ഇന്ത്യയ്ക്കെതിരായ ബംഗ്ലാദേശിന്റെ വിജയം. ക്രിക്കറ്റിൽ ബംഗ്ലാദേശ് ഒരുപാട് വളർന്നിരിക്കുന്നു. അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അവരുടെ കളി തന്നെ തെളിയിക്കുന്നതാണ്.
Also Read: കലാശപോരാട്ടത്തിന് ശേഷം കയ്യാങ്കളി; മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാദേശ് താരങ്ങൾ
1983ൽ വെസ്റ്റ് ഇൻഡീസ് ലോകകപ്പ് ഫൈനലിൽ കളിക്കുമ്പോൾ അക്കാലത്തെ പ്രബലന്മാരായിരുന്നു അവർ. ക്ലിവ് ലോയ്ഡ് നയിക്കുന്ന ടീമിൽ അണിനിരന്നത് വിവിയൻ റിച്ചാർഡ്സൺ ഉൾപ്പടെയുള്ള ഇതിഹാസങ്ങൾ. എന്നാൽ അ സമയം ക്രിക്കറ്റിൽ ഇന്ത്യയെന്ന ടീമിന്റെ വളർച്ചയുടെ കാലഘട്ടമായിരുന്നു. വെസ്റ്റ് ഇൻഡീസിനെ രണ്ട് തവണ പരാജയപ്പെടുത്തി ആ വളർച്ചയ്ക്ക് വെള്ളവും വളവും ഒഴിച്ചു കപിലിന്റെ ചെകുത്താന്മാർ. പിന്നീട് കണ്ടത് ലോകത്തിന്റെ നെറുകയിലേക്ക് ഉയരുന്ന ഇന്ത്യൻ ടീമിനെയാണ്.
ഇത്തരത്തിൽ തന്നെയാണ് ബംഗ്ലാദേശിന്റെ വരവ്. കാലങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ സജീവമാണെങ്കിലും പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമായി ഇല്ലാത്ത ബംഗ്ലാദേശിന് ഇനി പലതും നേടാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയെ ചെറിയ സ്കോറിന് ഒതുക്കാനും പിന്തുടർന്ന ജയിക്കാനും ബംഗ്ലാദേശിനായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും തോൽവിയറിയാതെയാണ് ബംഗ്ലാദേശിന്റെ കുതിപ്പ്. ഓരോ ജയവും ആധികാരികമായിരുന്നു.
Also Read: അണ്ടർ 19 ലോകകപ്പ്: തോൽവിയിലും ഇന്ത്യയുടെ യശസ്സായി യശസ്വി ജയ്സ്വാൾ
കായിക വിനോദങ്ങൾക്കും അതിന്റെ വളർച്ചയ്ക്കും വലിയ പ്രാധാന്യമാണ് ഇപ്പോൾ ബംഗ്ലാദേശ് നൽകുന്നത്. ഫുട്ബോൾ ക്രിക്കറ്റ് പോലെയുള്ള ജനപ്രിയ ഇനങ്ങൾക്ക് പ്രത്യേകിച്ച്. ഇത് കളിയുടെ നിലവരം മെച്ചപ്പെടുത്തുന്നതിനും മികച്ച അവസരങ്ങൾ ഒരുക്കുന്നതിനും സഹായിക്കുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിങ്സ് പുരോഗമിക്കുന്നതിനിടയിൽ മഴ എത്തി. ഇതോടെ 46 ഓവറിൽ 170 റൺസായി വിജയലക്ഷ്യം പുനർനിശ്ചയിച്ചു. മൂന്ന് വിക്കറ്റ് ബാക്കിയാക്കി ബംഗ്ലാദേശ് അതിവേഗം വിജയതീരം താണ്ടി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പർവേസിന്റെയും നായകൻ അക്ബർ അലിയുടെയും ഇന്നിങ്സാണ് ബംഗ്ലാദേശിന് കരുത്തായത്.