അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ സംഘത്തിന് നൽകിയ സമ്മാനത്തിൽ ബിസിസിഐ വിവേചനം കാട്ടിയെന്ന് മുൻ ഇന്ത്യൻ നായകനും അണ്ടർ 19 ടീം കോച്ചുമായ രാഹുൽ ദ്രാവിഡ്. ദ്രാവിഡിന് 50 ലക്ഷവും സപ്പോർട്ട് സ്റ്റാഫിന് 20 ലക്ഷം വീതവും ടീമംഗങ്ങൾക്ക് 30 ലക്ഷം വീതവുമാണ് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്.

Read More : ലോകകപ്പ് നേട്ടത്തെ കുറിച്ച് രാഹുൽ ദ്രാവിഡിന് പറയാനുളളത്

തന്റെ സപ്പോർട്ട് സ്റ്റാഫിന് അനുവദിച്ച തുകയും തനിക്ക് അനുവദിച്ച തുകയും തമ്മിൽ വലിയ അന്തരമുളളത് രാഹുൽ ദ്രാവിഡിനെ രോഷാകുലനാക്കിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ബിസിസിഐയെ നേരിട്ടറിയിച്ച  ദ്രാവിഡ് എല്ലാ സപ്പോർട്ട് സ്റ്റാഫിനുമുളള സമ്മാനത്തുക വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ അണ്ടർ 19 ടീമംഗങ്ങളും സപ്പോർട്ട് സ്റ്റാഫും കോച്ച് രാഹുൽ ദ്രാവിഡിന് ഒപ്പം

സപ്പോർട്ട് സ്റ്റാഫും ടീമിനൊപ്പം ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമാണ് ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് കിരീടം നേടാനായതെന്ന് ദ്രാവിഡ് പറഞ്ഞു. സുപ്രീം കോടതി നിയമിച്ച ബിസിസിഐ ഭരണസമിതിയാണ് ദ്രാവിഡിന് 50 ലക്ഷവും കളിക്കാർക്ക് 30 ലക്ഷവും സപ്പോർട്ട് സ്റ്റാഫിന് 20 ലക്ഷവും സമ്മാനം പ്രഖ്യാപിച്ചത്.

പിന്നണിയിൽ കഠിനാധ്വാനം ചെയ്ത സപ്പോർട്ട് സ്റ്റാഫിനെ മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് പുകഴ്ത്തിയിരുന്നു. “ഓരോരുത്തരുടെയും പേരെടുത്ത് പറയുന്നില്ല. എല്ലാവരും ഒന്നിനൊന്ന് മികച്ച രീതിയിൽ ആത്മാർത്ഥമായി പരിശ്രമിച്ചു. അതിന്റെ ഫലമാണ് ഈ നേട്ടം”, ദ്രാവിഡ് വ്യക്തമാക്കി.

“ഈ നേട്ടത്തിലൂടെ എനിക്ക് കിട്ടുന്ന മാധ്യമശ്രദ്ധ കൂടുതലാണ്. കളിക്കാരും സപ്പോർട്ട് സ്റ്റാഫുമാണ് ഈ നേട്ടം കൈവരിച്ചത്. മുഴുവൻ ക്രഡിറ്റും ഞാൻ അവർക്കാണ് നൽകുന്നത്”, ദ്രാവിഡ് വ്യക്തമാക്കി. ഇന്ത്യ ജൂനിയർ ടീമിനെയും ഇന്ത്യ എ ടീമിനെയും പരിശീലിപ്പിക്കുന്നതിന് പ്രതിവർഷം നാല് കോടി രൂപയാണ് ദ്രാവിഡിന് ബിസിസിഐ പ്രതിഫലം നൽകുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook