ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡ് ആതിഥേയത്വം വഹിക്കുന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. പാക്കിസ്ഥാനെതിരെ നടന്ന സെമിയിൽ ഇന്ത്യ 203 റൺസിന്റെ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 272 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 69 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

ഷുബ്മാൻ ഗില്ലിന്റെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലായിരുന്നു ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 272 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.

തുടക്കത്തിൽ തന്നെ ആദ്യ നാല് ബാറ്റ്സ്മാന്മാരെ മടക്കി ഇഷാൻ പരേലാണ് ഇന്ത്യൻ ആക്രമണത്തിന് തുടക്കമിട്ടത്. ടീം സ്കോർ പത്തിൽ നിൽക്കെയാണ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീടങ്ങോട്ട് ഒരിക്കൽ പോലും പാക്കിസ്ഥാൻ വെല്ലുവിളി ഉയർത്തിയതേയില്ല.

18 റൺസെടുത്ത റൊഹൈൽ നാസറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. പാക് നിരയിൽ ഏഴ് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്ക് വേണ്ടി ഇഷാൻ പരേൽ നാലും ശിവ സിങ്, റിയാൻ പരേഗ് എന്നിവർ രണ്ട് വിതവും അനുകുൽ റോയ്, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. 94 പന്തിൽ 102 റൺസ് നേടി പുറത്താകാതെ നിന്ന ഷുബ്‌മാൻ ഗില്ലാണ് കളിയിലെ താരം. ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഗിൽ സെഞ്ചുറി നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർമാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ വിക്കറ്റിൽ പൃഥ്വി ഷായും മഞ്ചോത് കൽറയും ചേർന്ന് 89 റൺസ് നേടി. പൃഥ്വി ഷാ (41), മഞ്ചോത് കൽറ (47) റൺസെടുത്ത് പുറത്തായി. മൂന്നാമനായി ഇറങ്ങിയ ഗില്ലാണ് പിന്നീട് ഒരറ്റത്ത് നിന്ന് ഇന്ത്യൻ ഇന്നിങ്സ് പടുത്തുയർത്തിയത്.

ഗില്ലിന്, ഹർവിക് ദേശായി (20), അനുകുൽ റോയ് (33) എന്നിവർ മികച്ച പിന്തുണ നൽകി. ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഫെബ്രുവരി മൂന്നിനാണ് ഫൈനൽ മൽസരം നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook