അണ്ടര്‍ 19 ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം തവണ ഇന്ത്യ ഫൈനലില്‍. ടൂര്‍ണമെന്റിലെ കരുത്തരായ ഓസ്ട്രേലിയയെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് നീലപ്പടയുടെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന് യാഷ് ദുള്ളിന്റെ സെഞ്ചുറിയുടേയും ഷായ്ക് റഷീദിന്റെ (94) മികവിന്റേയും ബലത്തില്‍ 290 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 194 റണ്‍സിന് പുറത്തായി.
സ്കോര്‍ 37 ല്‍ നില്‍ക്കെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യ. ദുള്ളും റഷീദും ചേര്‍ന്ന് മനോഹരമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്. സാവധാനമായിരുന്നു ഇരുവരുടേയും ബാറ്റിങ്ങ്. ഇരുവരും താളം നിലയുറപ്പിച്ചതിന് ശേഷം ആളിക്കത്തുകയായിരുന്നു. 204 റണ്‍സിന്റെ അവിശ്വസിനീയ കൂട്ടുകെട്ടായിരുന്നു പിറന്നത്.
110 പന്തിലായിരുന്നു ദുള്‍ 110 റണ്‍സ് നേടിയത്. പത്ത് ഫോറുകളും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. റഷീദാകട്ടെ 108 പന്തില്‍ 94 റണ്‍സെടുത്തു. എട്ട് ഫോറുകളും ഒരു സിക്സുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നാല് പന്തില്‍ 20 റണ്‍സ് അടിച്ചു കൂട്ടിയ ദിനേഷ് ബനയാണ് ഇന്ത്യന്‍ സ്കോര്‍ 290 ല്‍ എത്തിച്ചത്.
291 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഫോമിലുള്ള ടീഗ് വെയ്ലിയെ രണ്ടാം ഓവറില്‍ നഷ്ടമായി. രവി കുമാര്‍ താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ക്യാംപ്ബെല്‍ കെല്ലാവെയും കോറി മില്ലറും ചേര്‍ന്നുള്ള രാക്ഷാപ്രവര്‍ത്തനം. മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങിയേക്കാവുന്ന സാധ്യതകള്‍ അങ്ക്രിഷ് രഘുവന്‍ഷി പൊളിച്ചു.
പിന്നീട് കണ്ടത് ഓസ്ട്രേലിയയുടെ തകര്‍ച്ചയായിരുന്നു. ഒരു അവസരത്തിലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. അര്‍ധ സെഞ്ചുറി നേടിയ ലാച്ച്ലാണ് ഷൊ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യയ്ക്കായി വിക്കി ഓസ്വാള്‍ മൂന്നും രഘുവന്‍ഷി നിഷാന്ദ് സിന്ദു എന്നിവര്‍ രണ്ട് വിക്കറ്റ് വീതിവും നേടി. യാഷ് ദുള്ളാണ് കളിയിലെ താരം.
Also Read: ഇന്ത്യൻ ടീമിൽ കോവിഡ്; ധവാനും ശ്രേയസ് അയ്യരും അടക്കം നാല് താരങ്ങൾ പോസിറ്റീവ്