മുംബൈ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ പുലിക്കുട്ടികള്‍ക്ക് പാരിതോഷികവുമായി ബിസിസിഐ. താരങ്ങള്‍ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും 50 ലക്ഷം രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് നാലാം തവണയാണ് അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കെതിരെ മഞ്ചോത് കര്‍ലയുടെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ കപ്പ് നേടിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ 216-10 (47.2) ഇന്ത്യ 220-2 (38.5).
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നെങ്കിലും ജൊനാഥന്‍ മെര്‍ലോയുടെ 76 റണ്‍സ് പ്രകടനം ഓസീസിന് തുണയായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ പ്രിഥ്വി ഷായും മന്‍ജോത് കല്‍റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ 11.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 71 റണ്‍സിലെത്തി നില്‍ക്കേ, ഫോമിലുള്ള നായകന്‍ പ്രിഥ്വി ഷായെ ഇന്ത്യയ്ക്ക് നഷ്ടമായി. 29 റണ്‍സായിരുന്നു പ്രിഥ്വിയുടെ സംഭാവന.
31 റണ്‍സെടുത്ത് സെമിഫൈനലിലെ ഹീറോ ശുഭ്മാന്‍ ഗില്‍ പുറത്തായെങ്കിലും മറുവശത്ത് കിരീടം ഉറപ്പിച്ച മട്ടിലായിരുന്നു മന്‍ജോത് കല്‍റോയുടെ ബാറ്റിംഗ്. നാലാമാനായി ക്രീസിലെത്തിയ ഹാര്‍വിക് ദേശായി മന്‍ജോതിന് ഉറച്ച പിന്തുണയും നല്‍കിയതോടെ ഓസ്‌ട്രേലിയയെ ഇന്ത്യ അനായാസം കീഴടക്കി. മന്‍ജോത് 101 റണ്‍സെടുത്തും ഹാര്‍വിക് 47 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
ആദ്യമായി നാല് തവണ ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോര്‍ഡാണ് ഇന്ത്യ ഇതോടെ നേടിയത്. ഓസ്‌ട്രേലിയയ്ക്കായി ബ്രയാന്റ് 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ എഡ്വേര്‍ഡ് 28 റണ്‍സെടുത്ത് പുറത്തായി. ഓസീസ് നായകന്‍ ജെയ്‌സണ്‍ സാംഗ 13 റണ്‍സിനാണ് പുറത്തായത്. പരം ഉപ്പല്‍ 34 റണ്‍സെടുത്തു. നഥാന്‍ മക്‌സീനി 23, വില്‍ സതര്‍ലാന്റ് 5, ബാക്സ്റ്റര്‍ ഹോള്‍ട്ട് 13 റണ്‍സെടുത്തു.
സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇരുടീമുകളും ഫൈനലിന് ഇറങ്ങിയത്. പാക്കിസ്ഥാനെ 203 റണ്‍സിനു കശക്കി ഇന്ത്യ കലാശപ്പോരിനിറങ്ങുന്‌പോള്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് കങ്കാരുക്കള്‍ ഫൈനലിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 100 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.