അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ഫൈനലില്‍ കടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 37 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി. 30 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യം ജയം കൈപ്പിടിയിലൊതുക്കി. 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവി കുമാറാണ് കളിയിലെ താരം.
ടോസ് നേടി ബോളിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന് യാഷ് ദുള്ളിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബോളര്‍മാര്‍ കാഴ്ച വച്ചത്. ഒരു ഘട്ടത്തില്‍ പോലും ബംഗ്ലാദേശിന് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ഓവറില്‍ രവി തുടക്കമിട്ട വിക്കറ്റ് വേട്ട മറ്റുള്ളവരും ഏറ്റെടുത്തു. 56-7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞിരുന്നു ബംഗ്ലാദേശ്.
ഒന്‍പതാം വിക്കറ്റില്‍ എസ് എം മെഹറോബും ആഷിഖുര്‍ സമാനും ചേര്‍ന്ന് നേടിയ 50 റണ്‍സാണ് ബംഗ്ലാദേശിന്റെ സ്കോര്‍ 100 കടത്തിയത്. മെഹറോബ് 30 റണ്‍സെടുത്താണ് പുറത്തായത്. സമാന് 16 റണ്‍സും നേടി. രവി കുമാറിന് പുറമെ വിക്കി ഓസ്വാള്‍ രണ്ടും കൗശല്‍ താമ്പെ, അങ്ക്രിഷ് രഘുവന്‍ഷി, രാജ്വര്ധന് ഹങ്ങാര്‍ഗേക്കര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. രണ്ടാം ഓവറില്‍ ഹര്‍ണൂര്‍ സിങ് പൂജ്യനായി മടങ്ങി. എന്നാല്‍ രഘുവന്‍ഷി ഷെയിക് റഷീദിനേയും കൂട്ടു പിടിച്ച് 70 റണ്‍സ് ചേര്‍ത്തു. 44 റണ്‍സെടുത്താണ് രഘുവന്‍ഷി പുറത്തായത്. പിന്നീട് 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ റഷീദിന്റെ ഉള്‍പ്പടെ മൂന്ന് വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. നായകന് ദുള്‍ (20) കൂടുതല്‍ അപകടം സംഭവിക്കാതെ വിജയത്തിലെത്തിച്ചു. ഓസ്ട്രേലിയയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.
Also Read: കൊൽക്കത്ത ഡെർബിയിൽ മോഹൻബഗാന് വേണ്ടി ഹാട്രിക് നേടി ഈസ്റ്റ് ബംഗാൾ ഇതിഹാസ താരത്തിന്റെ മകൻ