അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ബംഗ്ലാദേശിന്. ഇന്ത്യയും ബംഗ്ലാദേശും മഴയും കളിച്ച മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ കുട്ടികടുവകൾ നിലവിലെ ചാംപ്യന്മാരെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഇന്നിങ്സ് പുരോഗമിക്കുന്നതിനിടയിൽ മഴ എത്തി. ഇതോടെ 46 ഓവറിൽ 170 റൺസായി വിജയലക്ഷ്യം പുനർനിശ്ചയിച്ചു. മൂന്ന് വിക്കറ്റ് ബാക്കിയാക്കി ബംഗ്ലാദേശ് അതിവേഗം വിജയതീരം താണ്ടി. ഇതാദ്യമായാണ് ബംഗ്ലാദേശ് അണ്ടർ 19 ലോകകിരീടം സ്വന്തമാക്കുന്നത്.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പർവേസിന്റെയും നായകൻ അക്ബർ അലിയുടെയും ഇന്നിങ്സാണ് ബംഗ്ലാദേശിന് കരുത്തായത്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഓപ്പണിങ് സഖ്യം തുടക്കത്തിൽ തന്നെ ബംഗ്ലാദേശിന്റെ വിജയ സാധ്യത സജീവമാക്കി. എന്നാൽ 15 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ബംഗ്ലാദേശിന്റെ നാലു വിക്കറ്റുകൾ വീഴ്ത്തിയ രവി ബിഷ്ണോയ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.
അതേസമയം ആറമനായി ക്രീസിലെത്തിയ നായകൻ അക്ബർ അലി ബംഗ്ലാദേശിന്റെ രക്ഷകകൻ കൂടിയാകുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ വിഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച താരം ബംഗ്ലാ കടുവകളെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടയിൽ മഴ വില്ലനായി എത്തിയതോടെ മത്സരം തടസപ്പെടുകയായിരുന്നു. മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ 46 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റ് കീഴ്പ്പെടുത്തി ബംഗ്ലാദേശ് കിരീടം സ്വന്തമാക്കി.
സെമിയിൽ പാക്കിസ്ഥാനെതിരെ സെഞ്ചുറി ഇന്നിങ്സുമായി തിളങ്ങിയ യശസ്വി ഫൈനലിൽ ബംഗ്ലാദേശിനെതിരെ അർധസെഞ്ചുറിയുമായി തിളങ്ങിയപ്പോൾ 178 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ ഉയർത്തിയിരിക്കുന്നത്. യശ്വസിയൊഴികെ മറ്റ് താരങ്ങൾക്ക് കാര്യമായ സംഭവന ഇന്ത്യൻ സ്കോർ ബോർഡിൽ നൽകാൻ സാധിക്കാതെ വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പിഴച്ചു. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിൽ ഓപ്പണർ ദിവ്യാൻഷ് സക്സേനയെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന യശ്വസി – തിലക് വർമ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റുകയായിരുന്നു. 65 പന്തിൽ 38 റൺസ് നേടിയ തിലക് വർമയെ തൻസിം ഹസൻ പുറത്താക്കിയതോടെ വീണ്ടും ഇന്ത്യൻ മുന്നേറ്റം പ്രതിസന്ധിയിലായി.
പിന്നാലെ ഏഴ് റൺസുമായി പ്രിയം ഗാർഗും പുറത്തായി. എന്നാൽ അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ യശസ്വി ഇന്ത്യയുടെ രക്ഷകനാകുകയായിരുന്നു. 121 പന്തിൽ 88 റൺസാണ് താരം നേടിയത്. ഇതിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടുന്നു. എന്നാൽ യശ്വസിയും പുറത്തായതോടെ ഇന്ത്യ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. 22 റൺസ് നേടിയ ദ്രൂവ് ദൂറൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. വാലറ്റത്ത് ആർക്കും രണ്ടക്കം പോലും കടക്കാൻ സാധിക്കാതെ വന്നതോടെ ഇന്ത്യ 177 റൺസിന് പുറത്ത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ അവിശേക് ദാസാണ് ബംഗ്ലാദേശ് അക്രമണത്തിന് ചുക്കാൻ പിടിച്ചത്. തൻസീം ഹസനും ഷോറിഫുൾ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം നേടി.