അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 187 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ വിക്കി ഓസ്വാളാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ അങ്ക്രിഷ് രഘുവന്‍ഷി, ഹര്‍ണൂര്‍ സിങ് എന്നിവരെ നഷ്ടമായി. എന്നാല്‍ പിന്നീടെത്തിയ ഷായ്ക്ക് റഷീദും നായകന് യാഷ് ദുള്ളും ചേര്‍ന്ന് ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. രണ്ടാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.
റഷീദ് 31 റണ്‍സെടുത്ത് പുറത്തായെങ്കിലും ദുള്‍ കളത്തിലെ പോരാട്ടം തുടര്‍ന്നു. മധ്യനിരയെ കൂട്ടുപിടിച്ച് മികച്ച പാര്‍ട്ട്ണര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്തി. 100 പന്തില്‍ 82 റണ്‍സെടുത്താണ് ദുള്‍ പുറത്തായത്. 11 ഫോറുകളടങ്ങിയതായിരുന്നു ഇന്നിങ്സ്. നിഷാന്ത് സിന്ദു (27), കൗശല്‍ താമ്പെ (35) എന്നിവര്‍ താരത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടമായി. പക്ഷെ ഒരു വലിയ തകര്‍ച്ചയിലേക്ക് പോകാതെ മികച്ച രീതിയിലായിരുന്നു ബാറ്റിങ്ങ്. 138-3 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച. 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. വാലിന്റൈന്‍ കിറ്റിമെ (25), ഡേവാള്‍ഡ് ബ്രേവിസ് (65), ജോര്‍ജ് വാന്‍ ഹീര്‍ഡെന്‍ (36) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
10 ഓവറില്‍ കേവലം 28 റണ്‍സ് വിട്ടു നല്കി അഞ്ച് വിക്കറ്റെടുത്ത ഓസ്വാളാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. നാല് വിക്കറ്റെടുത്ത രാജ് ബാവ താരത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്. രാജ്വര്ധന് ഹങ്കരേക്കര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Also Read: പടിയിറങ്ങുന്ന കാര്യം കോഹ്ലി നേരത്തേ ടീമിനോട് പറഞ്ഞിരുന്നു; ട്വീറ്റിന് 24 മണിക്കൂർ മുൻപ് തന്നെ