scorecardresearch
Latest News

ചിരിയോ ചിരി; കോഹ്ലിയുടെ അമളികളെ കളിയാക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പ്; ‘അണ്ടര്‍ 19 ചാമ്പ്യന്‍സ്’

2008 അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോപ് സ്കോററായിരുന്നു തന്മയ് ശ്രീവാസ്തവയായിരുന്നു ഗ്രൂപ്പ് തുടങ്ങിയത്

ചിരിയോ ചിരി; കോഹ്ലിയുടെ അമളികളെ കളിയാക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പ്; ‘അണ്ടര്‍ 19 ചാമ്പ്യന്‍സ്’

വിരാട് കോഹ്ലിയുടെ വാട്സ്ആപ്പില്‍ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു ഇന്നലെ. പ്രത്യകിച്ചും അണ്ടര്‍ 19 ചാമ്പ്യന്‍സ് എന്ന ഗ്രൂപ്പില്‍ നിന്ന്. കൃത്യം 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിരാട് കോഹ്ലി എന്ന യുവനായകന്‍ രവീന്ദ്ര ജഡേജയടക്കമുള്ളവരുള്ള ടീമുമായി അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയത്.

അതേ കോഹ്ലി തന്റെ 100-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോള്‍ ഗ്രൂപ്പില്‍ ആഘോഷമാണ്. ഇമോജികളും മീമുകളുമാല്‍ സമ്പന്നമായിരിക്കുന്നു ഗ്രൂപ്പ്. 2020 ലെ ലോക്ക്ഡൗണ്‍ കാലത്തായിരുന്നു അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലെ എല്ലാ അംഗങ്ങളേയും ചേര്‍ത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.

ഗ്രൂപ്പില്‍ എപ്പോഴും ചിരി പടര്‍ത്തുന്ന സന്ദേശങ്ങളാണ് വരാറുള്ളതെന്നാണ് അംഗങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. കോഹ്ലിയുടെ അന്നത്തെ ഹെയര്‍ സ്റ്റൈല്‍ മുതല്‍ ഓരോ മത്സരത്തിലെ സന്ദര്‍ഭങ്ങളെ ചൂണ്ടിക്കാണിച്ചുള്ള കളിയാക്കലുകളുമാണ് സ്ഥിരം വര്‍ത്തമാനങ്ങള്‍.

അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് ഓര്‍ക്കുകയാണ് ലെഗ് സ്പിന്നര്‍ ഇഖ്ബാല്‍ അബ്ദുള്ള. ലോകകപ്പ് മത്സരത്തിനിടെ എന്റെ ഫീല്‍ഡ് പൊസിഷന്‍ മാറ്റിയത് കോഹ്ലി മറന്നു. ഞാന്‍ ആദ്യം മിഡ് വിക്കറ്റിലായിരുന്നു. കോഹ്ലി എന്നെ സ്ക്വയര്‍ ലെഗിലേക്ക് മാറ്റി. എന്നാല്‍ അടുത്ത പന്ത് ബാറ്റര്‍ മിഡ് വിക്കറ്റിലേക്ക് അടിച്ചു. കോഹ്ലിക്ക് ദേഷ്യം വന്നു. എനിക്ക് ഓരോ കാര്യങ്ങളും ആദ്യം തൊട്ട് കോഹ്ലിയോട് വിശദീകരിക്കേണ്ടി വന്നു. ഇപ്പോഴും അത് പറഞ്ഞ് ഞങ്ങള്‍ ചിരിക്കും, ഇഖ്ബാല്‍ പറഞ്ഞു.

ഫൈനലില്‍ ടോപ് സ്കോററായിരുന്ന തന്മയ് ശ്രീവാസ്തവയായിരുന്നു ഗ്രൂപ്പ് തുടങ്ങിയത്. അന്നത്തെ കോഹ്ലിയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് പറയുകയാണ് ശ്രീവാസ്തവ.

അന്ന് ആളുകള്‍ പറയുമായിരുന്നു കോഹ്ലിയുടെ സ്വഭാവത്തിന് എന്തോ കുഴപ്പമുണ്ടെന്ന്. എന്നാല്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ അവരുടെ കണ്ണില്‍ അത് അഗ്രഷനായി മാറി. പഴയ ഒരുപാട് സഹതാരങ്ങള്‍ കോഹ്ലി വലിയ കളിക്കാരനായി എന്ന് പറയും. അന്ന് കുറ്റപ്പെടുത്തിയവര്‍ ഇന്ന് കോഹ്ലിയെ ആത്മവിശ്വാസമുള്ള കളിക്കാരനെന്നാണ് വാഴ്ത്തുന്നത്, ശ്രീവാസ്തവ പറഞ്ഞു.

ഞങ്ങളെല്ലാവരും നല്ല കളിക്കാരായിരുന്നു. കോഹ്ലിയുടെ കാഴ്ചപ്പാട് അദ്ദേഹത്തെ വ്യത്യസ്തനാക്കി. എന്തും നേരിടാന്‍ കോഹ്ലി തയാറായിരുന്നു. അദ്ദേഹത്തിനുള്ളില്‍ ഒരു എക്സ് ഫാക്ടറുണ്ടായിരുന്നു. ഒന്നും വിട്ടു കൊടുക്കാന്‍ താത്പര്യമില്ലാത്ത ഒരാള്‍, ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

കോഹ്ലിയുടെ മറ്റൊരു സഹതാരമായ പ്രദീപ് സാംഗ്വാന് ഇപ്പോഴും അതിശയമാണ്. നല്ല ഭക്ഷണസ്നേഹിയായിരുന്ന കോഹ്ലി എങ്ങനെ ഇങ്ങനെയായി എന്നതിലാണ് ആ അതിശയം. കോഹ്ലി അന്ന് ഒരുപാട് കഴിക്കുമായിരുന്നു. വ്യത്യസ്തമായ ഭക്ഷണത്തിന് വേണ്ടി കിലോമീറ്ററുകള്‍ നടക്കാനും കോഹ്ലി തയാറായിരുന്നു. രുചി മാത്രമായിരുന്നു പരിഗണിച്ചിരുന്നത്.എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം 2010 ല്‍ രഞ്ജി ട്രോഫി കളിക്കാന്‍ ഞാനെത്തിയപ്പോള്‍ എല്ലാം മാറി. കോഹ്ലി ഡയറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 200 മില്ലി ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കില്ല കോഹ്ലി, സാംഗ്വാന്‍ വിവരിച്ചു.

Also Read: ‘ബ്ലാസ്റ്റേഴ്സ് ആറാടുകയാണ് ഗയ്സ്;’ വിജയം ആഘോഷിച്ച് പ്രശാന്തും സിപോവിച്ചും

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Under 19 champions whatsapp group laugh at kohlis mistakes