അണ്ടർ 19 ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 305 റൺസ് വിജയ ലക്ഷ്യം. പതിയെ തുടങ്ങി അവസാന ഓവറുകളിൽ കത്തിക്കയറിയ ഇന്ത്യൻ ബാറ്റിങ് നിര മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. 85 റൺസെടുത്ത ഓപ്പണർ യാഷവ്സി ജൈസ്വാളാണ് ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറർ.

ബാറ്റിങ്ങിനിറങ്ങിയ അഞ്ച് ബാറ്റ്സ്മാന്മാരിൽ നാല് പേരും മത്സരത്തിൽ അർദ്ധ സെഞ്ചുറി തികച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ജൈസ്വാളും, അനൂജ് റാവത്തും ചേർന്ന് പടുത്തുയർത്തിയ 121 റൺസിന്റെ കൂട്ടുകെട്ട് മികച്ച സ്കോറിലക്കുള്ള ഇന്ത്യൻ അടിത്തറ പാകി.

ഒരവസരത്തിൽ 40 ഓവറിൽ 191ന് രണ്ട് വിക്കറ്റ് എന്നിടത്തുനിന്നാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളിൽ ക്യാപ്റ്റൻ പ്രഭ്സിമ്രാൻ സിങ്ങും ആയുഷ് ബദോനിയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുകയായിരുന്നു. തുടരെ തുടരെ ശ്രീലങ്കൻ ബോളർമാരെ ബൗണ്ടറി കടത്തിയാണ് ഇരുവരും അർദ്ധ സെഞ്ചുറി തികച്ചത്.

ഇന്ത്യൻ സ്കോറേഴ്സ് – യാഷവ്സി ജൈസ്വാൾ – 85, അനൂജ് റാവത്ത് – 57, മലയാളി താരം ദേവ്ദത്ത് പടിക്കൽ – 31, നായകൻ പ്രഭ്സിമ്രാൻ സിങ്- 65*, ആയുഷ് ബദോനി – 52*. അവസാന 9.1 ഓവറിൽ 110 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook