മുംബൈ: അണ്ടർ 17 ലോകകപ്പിൽ ബ്രസീലിയൻ സൂപ്പർ താരത്തെ കാത്തിരുന്ന ആരാധകർക്ക് തിരിച്ചടി. “അത്ഭുത ബാലൻ’ വിനീഷ്യസ് ജൂനിയർ ഇന്ത്യയിലേക്ക് എത്തില്ല. ബ്രസീൽ ടീം മാനേജർ ഗ്രിഗോറിയോ ഫെർണാണ്ടസാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. വിനിഷ്യീസിന്റെ അഭാവത്തിന്റെ കാരണം വ്യക്തമല്ല. എന്തായാലും കേരളത്തിലുള്ള ബ്രസീൽ ആരാധകരയെല്ലാം നിരാശയിലാക്കുന്ന വാർത്തയാണ് ഇത്.
സാബാ താളത്തിന്റെ ചടുലത കാലുകളിൽ ആവാഹിച്ച ഒരു തികവാർന്ന സ്ട്രൈക്കറാണ് വിനീഷ്യസ് ജൂനിയർ.
ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്റെ പ്രീതിപിടിച്ചു പറ്റിയ താരമാണ് വിനീഷ്യസ്. റയൽ മാഡ്രിഡുമായി ഇതിനകം തന്നെ വിനീഷ്യസ് കരാറിൽ എത്തിയിട്ടുണ്ട്. 38 മില്യൺ യൂറോ മുടക്കിയാണ് റയൽ മാഡ്രിഡ് ഈ കൗമാരക്കാരനായി റയൽ മുടക്കിയത്. എന്നാൽ 18 വയസ്സ് തികഞ്ഞാൽ മാത്രമെ വിനീഷ്യസിന് റയലിനായി ബൂട്ടുകെട്ടാനാകു. 2018 ജൂലൈയിലായിരിക്കും വിനീഷ്യസ് റയലിനൊപ്പം ചേരുക.ഒരു കൗമാരക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് വിനീഷ്യസ് ജൂനിയറിനായി റയൽ മുടക്കിയത്. നെയ്മറാണ് ഏറ്റവും കൂടുതൽ തുക നേടിയ താരം.
പോയ വർഷം 17 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പിൽ നടത്തിയ പ്രകടനത്തോടെയാണ് വിനീഷ്യസ് ജൂനിയർ ശ്രദ്ധേയനായത്. ടൂർണ്ണമെന്രിലെ ഏറ്റവും മികച്ച താരവും ടോപ് സ്കോററും ഈ ബ്രസീലിയൻ താരം തന്നെയായിരുന്നു. വിനിഷ്യസ് ജൂനിയറിന്റെ ഗോളടി മികവാണ് സിനദിൻ സിദാനെ ആകർഷിച്ചത്. വേഗവും , ടെക്ക്നിക്കും ആവതോളം ഉള്ള വിനീഷ്യസ് ലോകത്തരതാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്