മഡ്ഗാവ്: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ അവസാന നിമിഷം നേടിയ ഗോളിന്റെ പിൻബലത്തിൽ ജർമനി കോസ്റ്ററീക്കയെ മറികടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ ജർമനി ജയിച്ചത്. ആദ്യ പകുതിയിൽ മടക്കമില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്നു ജർമനി.

ഇരുപത്തിയൊന്നാം മിനിറ്റിൽ യാൻ ഫിയേറ്റയുടെ ഗോളിലാണ് ജർമനി ആദ്യം ലീഡ് നേടിയത്. നിക്കോളസ് ഗെരിറ്റ് കുന്നിന്റെ പാസ് ബോക്സിന്റെ മധ്യത്തിൽ നിന്ന് ശേഖരിച്ച യാൻ ഒന്നാന്തരമൊരു വലങ്കാൽ ഷൂട്ടിലൂടെ വല ചലിപ്പിക്കുകയായിരുന്നു. 64-ാം മിനിറ്റിൽ ആന്ദ്രെ ഗോമസ് കോസ്റ്ററീക്കയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിൽ അവസാനിക്കുകയാണെന്ന് കരുതിയിരിക്കെ 89-ാം മിനിറ്റിൽ നോവ അവുക്കു ജർമനിക്ക് വിജയഗോൾ സമ്മാനിച്ചു.

കടുപ്പമേറിയ ടാക്ലിങ്ങിലൂടെയാണ് ഇരു ടീമുകളും കളി മുന്നോട്ടു കൊണ്ടുപോയത്. ജർമനി പതിനാറ് ഫൗളും കോസ്റ്ററീക്ക പത്തൊൻപതു ഫൗളുമാണ് വരുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ