കൊച്ചി: തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായിരുന്നു കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 17 ലോകകപ്പിലെ രണ്ടാം മത്സരം. ആഫ്രിക്കൻ കരുത്തിനോട് മല്ലടിച്ച നോർത്ത് കൊറിയ തങ്ങളുടെ പോരാട്ട വീര്യം അടയാളപ്പെടുത്തിയെങ്കിലും ഒടുവിൽ തോറ്റുപോയി.

59ാം മിനിറ്റിൽ സലിം അബ്ദുറഹ്മാനി അടിച്ചെടുത്ത ഗോളിലൂടെയാണ് നൈഗർ 2017 അണ്ടർ 17 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിജയിച്ചത്. ആഫ്രിക്കൻ കരുത്തോ കൊറിയൻ പോരാട്ടവീര്യമോ അവസാനം ബാക്കിയായതെന്ന് ചോദിക്കേണ്ടതുണ്ട്. അത്രമേൽ തീപാറിയ മത്സരമായിരുന്നു കൊച്ചിയിലെ മൈതാനത്ത് നടന്നത്. ആദ്യാവസാനം കരുത്തിനും വേഗതയ്ക്കും ആക്രമണത്തിനും എന്ത് വ്യക്യാസമുണ്ടായെന്ന് ചോദിച്ചാൽ ആർക്കും ഒരു സംശയവും കാണില്ല. തുടങ്ങിയപ്പോഴുണ്ടായിരുന്ന അതേ ആക്രമണ വീര്യം രണ്ടു ടീമും മത്സരത്തിലുടനീളം കാഴ്ച വച്ചു.

അതുകൊണ്ട് തന്നെ താരങ്ങൾ നിരന്തരം പരിക്കേറ്റു വീഴുകയും ചെയ്തു. ആഫ്രിക്കയിൽ നിന്നുള്ള കറുത്ത കുതിരകളുടെ സംഘമായി നൈഗർ മാറിയെന്ന് തന്നെ പറയണം. ഒറ്റയ്ക്കും കൂട്ടായും എതിരാളിയുടെ ഗോൾ മുഖത്തേക്ക് പാഞ്ഞടുത്ത നൈഗർ സംഘം ആക്രമണത്തിലൂടെയാണ് ഉത്തര കൊറിയയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചത്.

എന്നാൽ ആഫ്രിക്കൻ കരുത്തിനെ വെല്ലുന്ന അതേ പോരാട്ടവീര്യം ഉത്തരകൊറിയയുടെ താരങ്ങളും പുറത്തെടുത്തതോടെ അത് കാളക്കൂറ്റന്മാർ തമ്മിലുള്ള പോരടിയെ അനുസ്മരിപ്പിച്ചു. എതിരാളിയുടെ ബോക്സിനകത്തേക്ക് പാഞ്ഞടുത്തതല്ലാതെ കാര്യമായ ആക്രമണങ്ങളൊന്നും ആദ്യ പകുതിയിൽ ഇരുടീമുകളും നടത്തിയിരുന്നില്ല.

ആക്രമിച്ച് കളിക്കുന്നതിനിടയിൽ പന്ത് കാലിൽ നിയന്ത്രിച്ച് നിർത്തുന്നതിൽ നൈഗർ താരങ്ങൾ പുറകോട്ടായിരുന്നു. കൃത്യമായ പാസുകളിലൂടെ ഉത്തരകൊറിയ പന്തടക്കത്തിൽ തങ്ങളുടെ മികവ് കാട്ടി. ഇരുടീമുകളെയും സംബന്ധിച്ച് കൃത്യമായി പന്ത് വലയിലാക്കാൻ സാധിക്കുന്ന ഒരു താരത്തിന്റെ അഭാവം പ്രകടമായി തന്നെ ഉണ്ടായിരുന്നു. ആദ്യാവസാനം ആ പോരായ്മ ഇരു ടീമിന്റെ പ്രകടനത്തിലും മുഴച്ചുനിന്നു.

അനവധി അവസരങ്ങളാണ് നൈഗർ തങ്ങളുടെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള അവസരങ്ങൾക്കിടെ നടത്തിയത്. 25 ലേറെ തവണ നൈഗർ താരങ്ങൾ കൊറിയൻ ഗോൾമുഖത്തേക്ക് ഷോട്ടുകളുതിർത്തു. ഇതിൽ ആറെണ്ണം മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അതിലൊന്ന് അവർക്ക് ഗോളാക്കാനായി.

മറുവിഭാഗത്ത് കൊറിയ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ താരതമ്യേന പുറകോട്ടായിരുന്നു. ആകെ പന്ത്രണ്ട് തവണ ഗോൾമുഖത്തേക്ക് ഷോട്ടുകളുതിർത്തതിൽ വെറും രണ്ട് തവണ മാത്രമാണ് ലക്ഷ്യസ്ഥാനത്തേക്ക് പന്തെത്തിക്കാൻ താരങ്ങൾക്കായത്.

ആക്രമണത്തിലൂന്നിയ പോരാട്ടത്തിന്റെ ഫലമായി ഏഴ് ഫ്രീകിക്കുകൾ നൈഗറിന് ലഭിച്ചപ്പോൾ കൊറിയക്ക് പത്ത് ഫ്രീകിക്കുകളാണ് ലഭിച്ചത്. രണ്ട് നൈഗർ താരങ്ങൾ മഞ്ഞ കാർഡ് കണ്ടപ്പോൾ കൊറിയയുടെ ഒരു താരവും മഞ്ഞ കാർഡ് കണ്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ