ന്യൂഡൽഹി: അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പ് മൽസരങ്ങൾക്ക് ഇന്നു തുടക്കം. വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന മൽസരത്തിൽ കൊളംബിയ ഘാനയേയും, മുംബൈയില്‍ ന്യൂസീലന്‍ഡ് തുര്‍ക്കിയേയും നേരിടും. ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യമായി ബൂട്ടണിയും. രാത്രി എട്ടു മണിക്ക് ജവാഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ കരുത്തരായ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളി. മുംബൈയിലെ രണ്ടാം മല്‍സരത്തില്‍ പാരഗ്വായ് മാലിയെ നേരിടും.

ഇന്ത്യ ആദ്യമായിട്ടാണ് ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്നത്. പോർച്ചുഗീസുകാരൻ പരിശീലകൻ നോർട്ടൻ ഡി മാറ്റോസിന്റെ പരിശീലനത്തിലാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്. മധ്യനിരയിലാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയും. മുന്നേറ്റനിരയിൽ കോമൾ തട്ടാൽ മികച്ച ഫോമിൽ തുടരുന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അനികേത് ജാദവാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. ഇന്ത്യൻ ടീമിൽ മലയാളികൾക്കും അഭിമാനിക്കാൻ അവസരമുണ്ട്. ടീമിലെ മലയാളി താരം കെ.പി.രാഹുൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ കളിക്കാൻ മിടുക്കനാണ്.

17-ാം അണ്ടർ 17 ലോകകപ്പിനാണ് ഇന്ത്യ വേദിയൊരുക്കുന്നത്. ന്യൂഡൽഹി, കൊച്ചി, ഗോവ, കൊൽക്കത്ത, ഗുവാഹത്തി, നവിമുംബൈ എന്നീ ആറുവേദികളിലായാണ് ലോകകപ്പ് മൽസരങ്ങൾ നടക്കുക. 17 വയസ്സിൽ താഴെയുള്ളവർക്കായി രണ്ടു വർഷത്തിലൊരിക്കലാണ് ഫിഫ ലോകകപ്പ് നടത്തുന്നത്. ഇന്ത്യയും നൈജറും ന്യൂ കാലിഡോണിയയുമാണ് ലോകകപ്പിലെ ഇത്തവണത്തെ അരങ്ങേറ്റക്കാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook