ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ തകർത്ത് അണ്ടർ 16 എഷ്യാകപ്പ് ക്വർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ദക്ഷിണ കൊറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റിൽ ജ്യോങ് സാങ് ബിന്നാണ് ദക്ഷിണ കൊറിയക്കായി ഗോൾ നേടിയത്.

കളിയുടെ തുടക്കം മുതൽ ഗോളിനായി ദാഹിക്കുന്ന കൊറിയയുടെ ശ്രമങ്ങൾ തടയാൻ മാത്രമേ ഇന്ത്യൻ നിരക്ക് സാധിച്ചുള്ളു. ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ ഇന്ത്യ സൃഷ്ടിച്ചില്ലെങ്കിലും പ്രതിരോധ നിരയുടെ പ്രകടനമാണ് ഗോൾ വഴങ്ങുന്നതിൽനിന്നും ഇന്ത്യയെ രക്ഷിച്ചത്. ഗോൾകീപ്പർ നീരജ് കുമാറിന്റെ തകർപ്പൻ സേവുകളും, പ്രതിരോധ നിര ഒരിക്കൽ കൂടി തീർത്ത കോട്ടയും ഗോളകറ്റി നിർത്തുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യയും മുന്നേറ്റത്തിന്റെ മൂർച്ചകൂട്ടി. ഗോളെന്നുറപ്പിച്ച നിരവധി ശ്രമങ്ങൾ കൊറിയൻ പ്രതിരോധത്തെ ഭേതിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. മലയാളി താരം ഷഹാബാസ് അഹമ്മദ് ഉൾപ്പെടുന്ന പ്രതിരോധ നിരയാണ് ഇന്ത്യൻ തോൽവിയുടെ ആഘാതം കുറച്ചത്.

കഴിഞ്ഞ വർഷം ആതിഥേയരെന്ന നിലയിലാണ് അണ്ടർ–17 ലോകകപ്പിൽ ഇന്ത്യയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ ഇത്തവണ കളിച്ചു ജയിച്ച് തന്നെ ലോകകപ്പ് യോഗ്യത നേടാമെന്ന ഇന്ത്യൻ പ്രതീക്ഷകൾ ദക്ഷിണ കൊറിയയുടെ ഒറ്റഗോളിൽ അവസാനിച്ചു. കഴിഞ്ഞ 16 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ എഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. 2002ൽ ക്വാർട്ടർ ഫൈനലിൽ തോറ്റതും കൊറിയയോടു തന്നെയായിരുന്നു.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ ടീമിന്റെത്. ആദ്യ മത്സരത്തിൽ വിയറ്റ്നാമിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമായിരുന്നു ഇന്ത്യയുടേത്.വിക്രം പ്രതാപ് സിങിന്റെ ഗോളിലായിരുന്നു ഇന്ത്യൻ വിജയം. പിന്നീട് നടന്ന മത്സരത്തിൽ ശക്തരായ ഇറാനെതിരെ ഗോൾരഹിത സമനില. പിന്നെ ഇന്തോനേഷ്യയെയും ഗോൾ രഹിത സമനിലയിൽ കുരുക്കിയാണ് ക്വാർട്ടറിൽ എത്തിയത്.

എഷ്യൻകപ്പിൽ പരാജയപ്പെട്ടെങ്കിലും തലയുയർത്തി തന്നെയാണ് ബിബിയാനോ ഫെർണാണ്ടസും പിള്ളാരും നാട്ടിലേക്ക് മടങ്ങുക. ഇനിയും ഒരുപാട് പ്രതീക്ഷിക്കാം ഈ കൌമാര നിരയിൽ നിന്ന്. വലിയ മാറ്റങ്ങൾ വ്യക്തമാണ് കളിശൈലിയിലും തന്ത്രങ്ങളിലും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook