ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം നേടിയെങ്കിലും ആരാധകരുടെ മനസിൽ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശിയാധിക്ഷേപം ഒരു കറുത്ത അധ്യായമായി തന്നെ തുടരും. സിഡ്നിയിൽ നടന്ന മൂന്നാം മത്സരത്തിനിടെയാണ് മുഹമ്മദ് സിറാജിനെതിരെയും ജസ്പ്രീത് ബുംറയ്ക്കെതിരെയും ഓസിസ് ആരാധകർ വംശിയാധിക്ഷേപം നടത്തിയത്. സംഭവത്തിന് പിന്നാലെ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് പോകാമെന്ന് അമ്പർയർമാർ നിർദേശിച്ചിരുന്നുവെന്ന് സിറാജ് പറഞ്ഞു. പരമ്പര വിജയത്തിന് ശേഷം നാട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവത്തിൽ സിറാജ് കൂടുതൽ തുറന്ന് സംസാരിച്ചത്.
സിറാജിന്റെയും നായകൻ അജിങ്ക്യ രഹാനെയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വംശിയാധിക്ഷേപം നടത്തിയ കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഫീൽഡ് അമ്പയർമാരാണ് കാണികളെ പുറത്താക്കിയത്.
“ഞാൻ അവിടെ വംശീയാധിക്ഷേപം നേരിട്ടു. അതിന്റെ കേസ് ഇപ്പോഴും തുടരുകയാണ്. എനിക്ക് നീതി ലഭിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. എന്റെ ജോലി നായകനെ അറിയിക്കുക എന്നതായിരുന്നു. അത് ഞാൻ ചെയ്തു. മത്സരം ഉപേക്ഷിച്ച് പോകാമെന്ന് അമ്പയർമാർ ഓപ്ഷൻ വച്ചിരുന്നു. എന്നാൽ രഹാനെ (ഭയ്യ) തങ്ങൾ തെറ്റ് ചെയ്തട്ടില്ലെന്നും മത്സരം ഉപേക്ഷിക്കില്ലെന്നും കളിക്കുകയാണെന്നും വ്യക്തമാക്കുകയായിരുന്നു,” സിറാജ് പറഞ്ഞു.
ഒരേ വരിയിൽ ഇരിക്കുകയായിരുന്ന ആറ് പേരെ അംപയറുടെ നിർദേശാനുസരണം പൊലീസ് എത്തി പുറത്താക്കി. സിറാജ്, ബുംറ എന്നിവർക്കെതിരെ മൂന്നാം ദിവസവും വംശീയ അധിക്ഷേപം നടന്നതായി പരാതി ഉയർന്നിരുന്നു. ബ്രിസ്ബെയ്നിലും സിറാജിനെതിരെയും വാഷിങ്ടൺ സുന്ദറിനെതിരെയും വംശിയാധിക്ഷേപം നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.