ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കാണുന്ന പോലെ അത്ര ഗൗരവക്കാരനൊന്നുമല്ല. കോഹ്‌ലിയും നല്ലൊരു തമാശക്കാരനാണ്. മൈതാനത്ത് ഇടയ്ക്ക് ചില തമാശകളൊക്കെ കോഹ്‌ലി കാട്ടാറുണ്ട്. എന്നാൽ ഇത്തവണ ഇന്ത്യൻ ക്യാപ്റ്റന്റെ തമാശ കേട്ട് അംപയർ പോലും ചിരിച്ചുപോയി.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു കോഹ്‌ലി അംപയറുമായി തമാശ പങ്കുവച്ചത്. 5-ാം ഓവറിൽ മുഹമ്മദ് ഷമിയുടെ ബൗൺസറിൽ സദീര സമരവിക്രമ ഔട്ടായി. ബാറ്റിൽ തട്ടിയ ബോൾ നേരെ വീണത് അജിങ്ക്യ രഹാനെയുടെ കൈകളിൽ. അംപയർ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാൽ സദീര ബാറ്റിൽ ബോൾ തട്ടിയെന്ന് സമ്മതിക്കാൻ തയ്യാറായില്ല. ഡിആർഎസിന് ആവശ്യപ്പെട്ടു. ഡിആർഎസ് ഫലം വന്നപ്പോൾ അംപയറുടെ തീരുമാനം പോലെ ഔട്ട് ആണെന്നു വ്യക്തമായി.

വിക്കറ്റിനുപിന്നാലെ കോഹ്‌ലിയും അംപയർ നിയേൽ ലലോങ്ങും ഇതിനെച്ചൊല്ലി കളിതമാശകൾ പറഞ്ഞു. കോഹ്‌ലിയുടെ തമാശ കേട്ട അംപയർ ക്യാപ്റ്റനൊപ്പം പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡാവുകയാണ്.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം ടെസ്റ്റിലെ ഇന്നിങ്സ് ജയത്തിന്റെ ബലത്തിൽ ഇന്ത്യ പരമ്പര നേടി (1–0). ഇതോടെ തുടർച്ചയായ ഒൻപതു പരമ്പര വിജയങ്ങളെന്ന ലോകറെക്കോർഡിൽ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഒപ്പം ഇന്ത്യയുമെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ