പൂണെ: ഇന്ത്യക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ തുടക്കം പാളി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 9/249 റൺസ് എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ നാലു വിക്കറ്റ് എടുത്ത ഉമേഷ് യാദവാണ് തകർത്തത്.
ബാറ്റിങ് ദുഷ്ഷ്കരമായ പുണെയിലെ പിച്ചിൽ ടോസ് നേടിയ സ്റ്റീഫൻ സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഡേവിഡ് വാർണറുടേയും മാറ്റ് റെൻഷോയുടെയും മികവിൽ മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. എന്നാൽ ഡേവിഡ് വാർണറെ വീഴ്ത്തി ഉമേഷ് യാദവ് കൂട്ടുകെട്ട് പൊളിച്ചു, പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ വിക്കറ്റ് പിഴുത് ബോളർമാർ കളി ഇന്ത്യയുടെ വരുതിയിലാക്കി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തി രവീന്ദർ ജഡേജയും രവിചന്ദൻ അശ്വിനുമാണ് ഓസ്ട്രേലിയയുടെ മധ്യനിരയെ തകർത്തത്.
ഓസ്ട്രേലിയയുടെ വാലറ്റത്തെ നിലം തൊടാൻ അനുവധിക്കാതെ ഉമേഷ് യാദവ് മൂന്നു വിക്കറ്റുകൾക്കൂടി നേടിയതോടെ ഓസ്ട്രേലിയ ആദ്യദിനം തന്നെ ഓൾഔട്ടാകുമെന്ന് തോന്നിപ്പിച്ചു. 12 ഓവർ ബോൾ ചെയ്ത ഉമേഷ് യാദവ് 32 റൺസ് വഴങ്ങിയാണ് 4 വിക്കറ്റുകൾ വീഴ്ത്തിയത്.
എന്നാൽ ആദ്യദിനത്തെ അവസാന ഓവറുകളിൽ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ച് മിച്ചൽ സ്റ്റാർക്ക് ഓസ്ട്രേലിയൻ സ്കോർ 250 റൺസ് കടത്തി. 58 പന്തിൽ നിന്ന് 57 റൺസാണ് പുറത്താകാതെ നിൽക്കുന്ന സ്റ്റാർക്ക് നേടിയത്. ഇതിൽ അഞ്ചു ഫോറും മൂന്നു സിക്സറുകളും ഉൾപ്പെടും.
രണ്ടാം ദിനത്തിന്റെ ആദ്യ ഓവറുകളിൽത്തന്നെ ഓസ്ട്രേലിയ പുറത്താക്കി ബാറ്റിങ്ങ് ആരംഭിക്കാനാകും വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെ ശ്രമം.