ന്യൂസിലാന്റിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കി, സുൽത്താൽ അസ്ലാൻ ഷാ  ഹോക്കി കപ്പിൽ ഇന്ത്യ വെങ്കലം നേടി. ആദ്യ പാദത്തിൽ മാത്രം ചെറുത്തുനിന്ന കിവീസിനെ വെറും കാഴ്ചക്കാരാക്കി നിർത്തിയാണ് ഇന്ത്യ 4-0 ന്റെ മിന്നുന്ന വിജയം നേടിയത്. മലേഷ്യയോട് അവസാന പൂൾ മത്സരത്തിൽ 1-0 ന് തോറ്റതോടെയാണ് മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മത്സരത്തിലേക്ക് ഇന്ത്യ മാറിയത്.

ഏതായാലും അവസാന മത്സരത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ തങ്ങളുടെ ഹോക്കി കരുത്ത് കാട്ടിയത്.  ആദ്യപാദത്തിൽ നിലംകിട്ടാതെ നിന്ന ഇന്ത്യ ശേഷിച്ച മൂന്ന് പാദങ്ങളിലും മത്സരത്തിന്റെ ആധിപത്യം പൂർണ്ണമായും നേടിയെടുത്തിരുന്നു.

മത്സരത്തിന്റെ 13ാം മിനിറ്റിൽ തന്നെ ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി കോർണന്റ ലഭിച്ചിരുന്നു. മൻദീപ് സിംഗ് തൊടുത്ത ഷോട്ട് പക്ഷെ ന്യൂസിലാന്റ് ഗോളി ഗോളാകാതെ കാത്തു.

രൂപീന്ദർ പാൽ സിംഗിന്റെ ഗോളിൽ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുന്നിലെത്തി. മത്സരത്തിലേക്ക് മടങ്ങിവരാൻ ന്യൂസിലാന്റ് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധ നിരയെ തകർക്കാൻ അവർക്കായില്ല.

എന്നാൽ രണ്ടാമത്തെ പെനാൽറ്റി കോർണർ ഇന്ത്യ നഷ്ടപ്പെടുത്തിയില്ല. രൂപീന്ദർ പാൽ സിംഗ് തന്നെ വീണ്ടും എതിരാളികളുടെ വല കുലുക്കി. ഇന്ത്യ ഇതോടെ 2-0 ന്റെ ലീഡ് നേടി.

രണ്ടാം പകുതിയിലും തങ്ങളുടെ ഗോൾ മുഖത്തേക്ക് പാഞ്ഞടുത്ത ഇന്ത്യൻ കളിക്കാരെ നോക്കി നിൽക്കാൻ മാത്രമേ ന്യൂസിലാന്റ് താരങ്ങൾക്ക് സാധിച്ചുള്ളൂ. വേഗവും കൃത്യതയും ഒത്തിണങ്ങിയ ആക്രമണം ഇന്ത്യയ്ക്ക് നിരവധി ഗോൾ അവസരങ്ങൾ തുറന്നു നൽകി.

ഔട്ട് ലൈനിലേക്ക് പോയ പന്ത് മൻദീപ് സിംഗ് നീട്ടിനൽകിയത് എസ്.വി.സുനിലാണ് എതിർ ഗോൾ മുഖത്തേക്ക് തൊടുത്തത്. മൂന്നാം ഗോളായി അത് മാറിയപ്പോൾ ന്യൂസിലാന്റിന് പൊരുതാനുള്ള ഊർജ്ജം പോലും ശേഷിച്ചിരുന്നില്ല. മത്സരം അവശേഷിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ തൽവീന്ദറാണ് ഇന്ത്യയുടെ ഗോൾ ശേഖരം നാലാക്കി ഉയർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ