ലോകകപ്പ് യോഗ്യതാമത്സരത്തില്‍ സെര്‍ബിയക്കെതിരെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ വിജയഗോള്‍ നിഷേധിച്ചതില്‍ പ്രതികരണവുമായി യുവേഫ. ഗോള്‍ ലൈന്‍ ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ മത്സരത്തിന് മുമ്പ് ഇരു ടീമുകളും തീരുമാനത്തില്‍ എത്തിയിരുന്നെങ്കില്‍ നാടകീയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നാണ് യുവേഫയുടെ നിലപാട്.
ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ ക്ഷുഭിതനായി കളം വിടുകയും മഞ്ഞ കാര്‍ഡ് ലഭിക്കുകയും ചെയ്തു. റൊണാള്‍ഡോയുടെ ഷോട്ട് സെര്‍ബിയന്‍ പ്രതിരോധ താരം സ്റ്റീഫന്‍ മിട്രോവിച്ച് തടഞ്ഞു. പക്ഷെ പന്ത് ഗോള്‍ വര കടന്നതായി ടെലിവിഷന്‍ റീപ്ലെകളില്‍ നിന്ന് വ്യക്തമായി. വാര്‍ ഇല്ലാത്തതിനായി കളി തുടരാന്‍ റഫറി ആവശ്യപ്പെടുകയും ചെയ്തു. മത്സരം 2-2 ന് സമനിലയില്‍ പിരിഞ്ഞതോടെ ഗ്രൂപ്പ് എയില്‍ സെര്‍ബിയ ഒന്നാമതെത്തി.
”യൂറോപ്യൻ ടീമുകളുടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗോൾ-ലൈൻ ടെക്നോളജി ഉപയോഗിക്കുന്നതിലെ തീരുമാനം എടുക്കേണ്ടത് ഓരോ മത്സരത്തിനും ആതിഥേയത്വം വഹിക്കുന്ന സംഘാടകരാണ്. ഗോള്‍ ലൈന്‍ ടെക്നോളജി ഉപയോഗിക്കുകയാണെങ്കില്‍ സന്ദര്‍ശക ടീമിന്റെ പക്കല്‍ നിന്നും രേഖാമൂലം അനുവാദം വാങ്ങുകയും ചെയ്യണം,” യൂറോപ്യന്‍ സോക്കര്‍ ഭരണസമിതി വ്യക്തമാക്കി.
Read More: ഒരോവറില്‍ ആറ് സിക്‌സടക്കം 13 പന്തില്‍ 52 റണ്‍സ്; റൊക്കോര്‍ഡിട്ട് തിസാര പെരേര
സംഭവത്തില്‍ മാച്ച് റഫറി ഡാനി മക്കേലി പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടൊ സാന്റോസിനോടും, താരങ്ങളോടും മാപ്പ് ചോദിച്ചതായി പോര്‍ച്ചുഗീസ് ദിനപത്രമായ ‘എ ബോള’ റിപ്പോര്‍ട്ട് ചെയ്തു. “സംഭവിച്ചതിന് കോച്ചിനോടും ടീമിനോടും ക്ഷമ ചോദിക്കുക മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുന്നത്. ഒരു റഫറിങ് ടീം എന്ന നിലയിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ എല്ലായ്‌പ്പോഴും പരിശ്രമിക്കാറുണ്ട്. ഇതുപോലുള്ള ഒരു കാരണത്താൽ ഞങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നത് വേദനിപ്പിക്കുന്ന ഒന്നാണ്,” അദ്ദേഹം പറഞ്ഞു.
ലോകകപ്പ് യോഗ്യത മത്സത്തില്‍ വാര്‍ സഹായം ഇല്ലാത്തത് അംഗീകരിക്കാനാവില്ലെന്നാണ് സാന്റോസ് പ്രതികരിച്ചത്. വാര്‍ നടപ്പിലാക്കാന്‍ ഫിഫയ്ക്ക് യുവേഫ നിര്‍ദേശം നല്‍കിയിരുന്നു.