ലിവർപൂൾ: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യപാദ സെമിയിൽ വിയ്യാറയലിനെ തകർത്ത് ലിവർപൂൾ. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. വിയ്യാറയലിന്റെ ശക്തമായ പ്രതിരോധം മൂലം ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുമായി ജയഭേരി മുഴക്കുകയായിരുന്നു.
ലിവർപൂളിനായി സാദിയോ മാനെ ഒരു ഗോള്‍ നേടിയപ്പോൾ മറ്റൊരു ഗോള്‍ പിറന്നത് വിയ്യാറയല്‍ താരം പെര്‍വിസ് എസ്തുപിനന്റെ സെൽഫ് ഗോളായിരുന്നു. ജോർദാൻ ഹെൻഡേഴ്സന്റെ ക്രോസ് താരം എസ്തുപിനൻ്റെ ദേഹത്ത് തട്ടി വലയിൽ കടക്കുകയായിരുന്നു.
ആദ്യപകുതിയില്‍ ശക്തമായ പ്രതിരോധമാണ് വിയ്യാറയൽ തീർത്തത്. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 53-ാം മിനിറ്റിൽ ലിവര്‍പൂള്‍ നായകന് ജോര്‍ദന്‍ ഹെന്റേഴ്സന്റെ ക്രോസിലൂടെ എസ്തുപിനന്റെ സെൽഫ് ഗോൾ പിറന്നു.
വെറും രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മാനെയിലൂടെ ലിവർപൂൾ ലീഡ് ഉയർത്തി. ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ മികച്ച പാസ് ക്ലോസ് റേഞ്ചിൽ മാനെ ഗോളാക്കുകയായിരുന്നു. സീസണില്‍ മാനെയുടെ 20-ാം ഗോളായിരുന്നിത്.
മേയ് നാലിന് വിയ്യാറയലിൻ്റെ തട്ടകമായ എൽ മാഡ്രിഗലിൽവെച്ചാണ് രണ്ടാംപാദ സെമി മത്സരം.
Also Read: ചാമ്പ്യൻസ് ലീഗ്: ത്രില്ലർ പോരാട്ടത്തിൽ റയലിനെ വീഴ്ത്തി സിറ്റി