ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് പി എസ് ജിയാണ് എതിരാളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – അത്ലറ്റിക്കൊ മാഡ്രിഡ്, ലിവര്‍പൂള്‍ – ഇന്റര്‍ മിലാന്‍, ചെല്‍സി – ലില്ലെ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് പോരാട്ടങ്ങള്‍.
റയല്‍ മാഡ്രിഡ് – പി എസ് ജി മത്സരം ആരാധകര്‍ ഉറ്റുനോക്കുന്ന ഒന്നാകാന്‍ നിരവധി കാരണങ്ങളാണ്. ഒന്ന് റയലിന്റെ എക്കാലത്തെയും മികച്ച നായകനായ സെര്‍ജിയോ റാമോസ് ഇപ്പോള്‍ പി എസ് ജിയിലാണ് എന്നുള്ളതാണ്. റാമോസും റയലും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം ആവേശഭരിതമാകുമെന്നതില്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് തര്‍ക്കമുണ്ടാകില്ല.
രണ്ടാമത്തെ കാരണം സൂപ്പര്‍ താരം ലയണല്‍ മെസിയാണ്. താരത്തിന്റെ മുന്‍ ടീമായ ബാഴ്സലോണയുടെ ചിരവൈരികളാണ് റയല്‍ മാഡ്രിഡ്. റയലിനെതിരെയുള്ള മെസിയുടെ മികച്ച റെക്കോര്‍ഡ് പി എസ് ജിക്ക് തുണയായേക്കും. ഒപ്പം എംബാപ്പയും ചേരുന്നതോടെ മിന്നും ഫോമിലുള്ള റയലും പി എസ് ജിയും തമ്മിലുള്ള പോരാട്ടം കടുക്കും.
വിയ്യറയലിന് അടുത്ത റൗണ്ടില്‍ കരുത്തരായ യുവന്റസാണ് എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഫ്രഞ്ച് ക്ലബ്ബായ ലില്ലെയെ നേരിടും. ബെന്‍ഫിക്കയും അയാക്സും തമ്മിലാണ് മറ്റൊരു പോരാട്ടം. മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്പോര്‍ട്ടിങ്ങാണ് എതിരാളികള്‍. സാല്‍സ്ബര്‍ഗിനെ മറികടന്നാല്‍ ബയേണ്‍ മ്യൂണിച്ചിന് ക്വാര്‍ട്ടറില്‍ കടക്കാം.