മാഡ്രിഡ്: റയൽ മാഡ്രിഡും വിയ്യാറയലും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ. ചെൽസിയോട് തോറ്റെങ്കിലും ആദ്യ പാദത്തിലെ സ്കോറിന്റെ മുൻതൂക്കത്തിലാണ് സെമി ഉറപ്പിച്ചത്. ആദ്യ പാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. രണ്ടാം പാദത്തിൽ ചെൽസി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയിച്ചത്. ഇതോടെ ഗോൾ അഗ്രഗേറ്റ് 5-4 എന്ന നിലയിലായി.
ആവേശകരമായ മത്സരത്തിൽ എക്സ്ട്രാടൈമിലാണ് റയലിന്റെ സെമി ബെർത്ത് ഉറപ്പായത്. വിനീഷ്യസ് നൽകിയ ക്രോസ് ബെൻസീമ മനോഹരമായ ഹെഡ്ഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. മാസൻ മൗണ്ട്, അന്റോണിയോ റൂഡിഗെർ, ടിമോ വെർണർ എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. ലൂക്ക മോഡ്രിച്ചാണ് റയലിന്റെ മറ്റൊരു ഗോൾ വലയിൽ എത്തിച്ചത്.
മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് സമനില വഴങ്ങി വിയ്യാറയൽ സെമി ഉറപ്പിച്ചു. ആദ്യപാദത്തിൽ 2-1ന് നേടിയ ജയമാണ് വിയ്യാറയലിനെ സെമിയിലെത്തിച്ചത്. രണ്ടാം പാദം 1-1ന് സമനിലയിൽ ആവുകയായിരുന്നു.
ആദ്യ ജയത്തിന്റെ ബലത്തിൽ ഇറങ്ങിയ വിയ്യാറയൽ കരുത്തരായ ബയേണിനെതിരെ ആദ്യം മുതൽ പ്രതിരോധം കടുപ്പിച്ചാണ് കളിച്ചത്. രണ്ടാം പകുതിയിൽ ബയേൺ ആക്രമം കടുപ്പിച്ചെങ്കിലും സമനിലയിൽ അവസാനിക്കുകയായിരുന്നു. 52-ാം മിനിറ്റിൽ ബയേണിന് വേണ്ടി ലെവെൻഡോവ്സ്കിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 88-ാം മിനിറ്റിൽ സാമുവേല്‍ ചുക്വുസിയാണ് നിർണായക ഗോൾ നേടി ബയേണിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. ഈ മാസം അവസാനത്തോടെയാകും സെമി ഫൈനൽ പോരാട്ടങ്ങൾ.
Read More: സിക്സര്‍ മഴ പെയ്യിച്ച് ഉത്തപ്പയും ദുബെയും; ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍