ചാമ്പ്യൻസ് ലീഗിലെ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് തകർപ്പൻ​ ജയം. സൈപ്രസ് ക്ലബ് അപ്പോവലിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസമെ എന്നിവർ റയലിനായി ഇരട്ട ഗോളുകൾ നേടി.

മത്സരം തുടങ്ങി 23 ആം മിനുട്ടിൽ മാഡ്രിഡ് ലൂക്ക മോഡ്രിച്ചിലൂടെയാണ് ഗോൾവേട്ട തുടങ്ങിയത്. 39 ആം മിനുട്ടിലാണ് ഫോം ഇല്ലാതെ വിഷമിക്കുന്ന ബെൻസീമ തന്റെ ഗോൾവരൾച്ച അവസാനിപ്പിച്ചതോടെ റയൽ 2 ഗോളിന് മുന്നിലെത്തി. 41 ആം മിനുട്ടിൽ വരാനിന്റെ പാസ് വലയിലാക്കി നാച്ചോ റയലിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ പകുതി പിരിയുന്നതിന് തൊട്ട് മുൻപേ റൊണാൾഡോയുടെ പാസ്സ് വലയിലാക്കി ബെൻസീമ റയലിന്റെ ലീഡ് നാലാക്കി.

രണ്ടാം പകുതി റൊണാൾഡോയും വിശ്വരൂപം പുറത്തെടുക്കുന്നതാണ് കണ്ടത്. 49 ആം മിനുട്ടിൽ മാർസെലോയുടെ പാസ്സ് ഗോളാക്കി റൊണാൾഡോയും സ്കോർ ഷീറ്റിൽ ഇടം നേടി. ഈ ഗോളോട് കൂടി ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ചാംപ്യൻസ് ലീഗ് ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡും റൊണാള്ഡോ സ്വന്തം പേരിലാക്കി. 2017 ൽ ഇതുവരെ 17 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. 16 ഗോളുകൾ എന്ന സ്വന്തം റെക്കോഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. 5 മിനിട്ടുകൾക്ക് ശേഷം റൊണാൾഡോ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി റയലിന്റെ ലീഡ് 6 ആക്കി ഉയർത്തി.

ജയത്തോടെ റയൽ മാഡ്രിഡ് പ്രിക്വാർട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് റയൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ