ഫുട്ബോൾ ലോകത്തെ ചക്രവർത്തി പദത്തിലേക്കുളള ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്ററിലെ പുൽമൈതാനത്ത് ക്രിസ്റ്റ്യാനോ ഇന്ന് വീണ്ടും ഇറങ്ങുന്നു.  അന്ന് വീട് വിട്ട് പോയ ക്രിസ്റ്റ്യാനോ അല്ല ഇന്ന്. ലോകഫുട്ബോളിന്റെ അമരത്ത് നിൽക്കുന്ന മായാജാലക്കാരനാണ്.

അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞാണ് റോണോ ഓൾഡ് ട്രഫോർഡിൽ ബൂട്ടണിഞ്ഞ് ഇറങ്ങുന്നത്. ഇക്കുറിയും ചങ്ങാതിയായല്ല ക്രിസ്റ്റ്യാനോയുടെ വരവ്. അവൻ പോരടിക്കാനുളള വരവാണ്. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് മാഞ്ചസ്റ്ററിനെ എതിരിടുന്ന യുവന്റസിന്റെ പ്രതീക്ഷ മുഴുവൻ ക്രിസ്റ്റ്യാനോയുടെ കാലിലാണ്.

ഇന്ത്യൻ സമയം രാത്രി 12.30-നാണ് ഓൾഡ് ട്രഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡും യുവന്റസും തമ്മിൽ എതിരിടുന്നത്. അഞ്ച് വർഷം മുൻപാണ് ഇതിന് മുൻപ് യുണൈറ്റഡിന്റെ കളിത്തട്ടായ ഓൾഡ് ട്രഫോർഡിൽ റോണോ അവസാനമായി കളിച്ചത്. 2013-ലായിരുന്നു ഇത്.

റയൽ മാഡ്രിഡായിരുന്നു അന്ന് ക്രിസ്റ്റ്യാനോയുടെ ക്ലബ്. റോണോയുടെ കാൽച്ചൂടിൽ അന്ന് യുണൈറ്റഡ് എരിഞ്ഞുതീർന്നു. ഒരിക്കൽ കൂടി യുണൈറ്റഡിനെ എതിരിടാൻ എത്തുമ്പോൾ ക്രിസ്റ്റ്യാനോയുടെ ദൗത്യം യുവന്റസിന്റെ വിജയമാണ്.

ഇക്കുറിയും ഓൾഡ് ട്രഫോർഡ് മൈതാനത്ത് റോണോ ഗോൾ നേട്ടം ആഘോഷിക്കില്ലേയെന്നാണ് കാൽപ്പന്തിന് ചുറ്റും കറങ്ങുന്ന ലോകം അന്വേഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook