ഇത്തിഹാദ്: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിഫൈനലിൽ റയൽ മാഡ്രിഡിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയം. ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരുടെ ജയം.
സിറ്റിക്കുവേണ്ടി കെവിൻ ഡിബ്രുയ്ൻ, ഗബ്രിയേൽ ജെസ്യൂസ്, ഫിൽ ഫോഡൻ, ബെർണാർഡോ സിൽവ എന്നിവർ ഗോളുകൾ നേടിയപ്പോൾ റയലിന് വേണ്ടി കരീം ബെൻസേമ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി. ഈ ടീമുകൾ തമ്മിലുള്ള രണ്ടാം പാദം മെയ് അഞ്ചിന് റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ നടക്കും.
ആദ്യം മുതൽ സിറ്റി കത്തിക്കയറുന്നതാണ് ഇത്തിഹാദ് സ്റ്റേഡിയം കണ്ടത്. രണ്ടാം മിനിറ്റിൽ തന്നെ മെഹ്റസിന്റെ അസിസ്റ്റില്‍ കെവിന് ഡിബ്രൂയിന് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിച്ചു. 11-ാം മിനുറ്റില്‍ ഗബ്രിയേല്‍ ജിസ്യൂസ് ലീഡുയർത്തി. എന്നാല്‍ 33-ാം മിനിറ്റിൽ നായകന് കരീം ബെന്‍സേമയിലൂടെ റയൽ ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ, 53-ാം മിനിറ്റിൽ ഫില്‍ ഫോഡന് സിറ്റിയുടെ മൂന്നാം ഗോള്‍ വലയിലെത്തിച്ചു. ഒട്ടും വൈകാതെ 55-ാം മിനിറ്റിൽ ഇടതുവിങ്ങിലെ സോളോ റണ്ണിനൊടുവില്‍ വിനീഷ്യസ് ജൂനിയർ റയലിന്റെ രണ്ടാം ഗോള്‍ നേടി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ 74-ാം മിനിറ്റിൽ ബെർണാഡോ സില്‍വ ലക്ഷ്യം കണ്ടതോടെ സിറ്റി നാല് തികച്ചു. പിന്നാലെ 82-ാം മിനിറ്റിൽ ലഭിച്ച പെനാല്‍റ്റി കരീം ബെൻസേമ വലയിലെത്തിച്ചതോടെ സ്കോർ 4-3 എന്ന നിലയിൽ എത്തുകയായിരുന്നു.
ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ലിവർപൂൾ വിയ്യാ റയലിനെ നേരിടും. ലിവർപൂളിലെ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം.