സാല്‍സ്ബര്‍ഗ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിന് അപ്രതീക്ഷിത സമനില. റെഡ്ബുള്‍ സാല്‍സ്ബര്‍ഗാണ് ബയേണിനെ സമനിലയില്‍ കുരുക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
കളിയില്‍ സാല്‍സ്ബര്‍ഗ് എല്ലാ മേഖലയിലും പിന്നിലായിരുന്നു. പക്ഷെ ബയേണിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു സമനില വഴങ്ങിയത്. 21-ാം മിനുറ്റില്‍ ചുക്വുബുയ്കെ അഡമുവിന്റെ ഗോളിലൂടെ സാല്‍സ്ബര്‍ഗ് മുന്നിലെത്തി.
21 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ബയേണിന് ഒപ്പമെത്താനായില്ല. തോല്‍വിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച അവസാന നിമിഷത്തില്‍ രക്ഷകനായി കിങ്സ്ലി കോമന്‍. മുള്ളറിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു കോമന്റെ ക്ലോസ് റേയ്ഞ്ച് ഗോള്‍ പിറന്നത്.
അതേസമയം, കരുത്തന്മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ഇന്റര്‍ മിലാനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. റോബര്‍ട്ടൊ ഫെര്‍മിനൊ, മുഹമ്മദ് സല എന്നിവരാണ് ലിവര്‍പൂളിനായി സ്കോര്‍ ചെയ്തത്.
അടുത്ത വാരം നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അത്ലറ്റിക്കൊ മാഡ്രിഡിനെ നേരിടും. ചെല്‍സി, വിയ്യാറയല്‍, അയാക്സ്, യുവന്റസ്, ബെന്‍ഫിക്ക തുടങ്ങിയ ടീമുകളും കളത്തിലിറങ്ങും.
Also Read: India vs West Indies 1st T20I: രോഹിതും സൂര്യകുമാർ യാദവും തിളങ്ങി; ഇന്ത്യക്ക് വിജയതുടക്കം