ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ചെൽസി-ബാഴ്‌സ മൽസരം സമനിലയിൽ. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയതോടെയാണ് മൽസരം സമനിലയിലെത്തിയത്. ചെൽസിക്കെതിരെ ഇതുവരെ ഗോൾ നേടിയിട്ടില്ലെന്ന നാണക്കേട് തിരുത്തിയ ലയണൽ മെസ്സിയിലൂടെയാണ് ബാഴ്‌സ സമനില ഗോൾ നേടിയത്.
ഒൻപതാമത്തെ മൽസരത്തിലാണ് മെസ്സി തന്റെ ആദ്യ ഗോൾ ചെൽസിക്കെതിരെ നേടിയത്. ഈ കാത്തിരിപ്പ് 730 മിനിറ്റ് നീണ്ടു. ഇതോടെ മെസ്സി ആരാധകർക്ക് വലിയ ആശ്വാസവും ലഭിച്ചു.
62-ാം മിനിറ്റിലായിരുന്നു ചെൽസിയുടെ ഗോൾ. വില്യനാണ് ഗോൾ നേടിയത്. ബോക്സിനകത്ത് നിന്ന് ഗോൾ പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് ലക്ഷ്യം കാണുകയായിരുന്നു. മറുപടി ഗോളിനായി വാശിയോടെ മൽസരിച്ച ബാഴ്‌സയ്ക്ക് 75-ാം മിനിറ്റിലാണ് ലക്ഷ്യം കാണാനായത്. ഇടതുവിങ്ങിൽ നിന്ന് ഇനിയെസ്റ്റ നൽകിയ ക്രോസ് മെസ്സി വലയിലേക്ക് തൊടുത്തു.
പ്രീക്വാർട്ടറിലെ ആദ്യപാദ പോരാട്ടമാണ് ഇന്നലെ നടന്നത്. മാർച്ച് 15ന് ബാഴ്സയുടെ തട്ടകമായ ന്യൂകാമ്പിലാണ് രണ്ടാം പാദ മൽസരം നടക്കുന്നത് 2004-05 സീസണിൽ ഇരു ടീമുകളും പ്രീ ക്വാർട്ടിൽ ഏറ്റുമുട്ടിയപ്പോൾ ചെൽസിക്കായിരുന്നു വിജയം. നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസി അന്ന് വിജയിച്ചത്. ഇരുടീമുകളും ഇതുവരെ മൽസരിച്ച 12 കളികളിൽ അഞ്ച് കളികൾ സമനിലയിലായി. ബാഴ്‌സ മൂന്നും ചെൽസി നാലും കളികൾ ജയിച്ചിട്ടുണ്ട്.